വെനസ്വേല ഭൂചലനത്തില്‍ മരണസംഖ്യ 589 ആയി ഉയർന്നു.കാരക്കാസ്: വെനസ്വേല ഭൂചലനത്തില്‍ മരണസംഖ്യ 589 ആയി ഉയർന്നു. പതിനായിരത്തിലേറെ ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിയാളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 4,300 ആളുകള്‍ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
മിനിറ്റുകളുടെ ഇടവേളയിവാണ് വെനസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂചലനം ഉണ്ടായത്. ആദ്യത്തേത് റിക്ടർ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ രണ്ടാമത്തേത് 7.5 തീവ്രതയിലായിരുന്നു. തുടർന്ന് ഇരുപതോളം തുടർ ചലനങ്ങളും അനുഭവപ്പെട്ടു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. വെനസ്വേലൻ തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതല്‍ നാശം റിപ്പോർട്ട് ചെയ്തത്. ദുരന്തത്തെ തുടർന്ന് കേടുപാട് സംഭവിച്ച വിമാനത്താവളം അടച്ചതോടെ രക്ഷാപ്രവർത്തനവും വെല്ലുവിളി നേരിടുകയാണ്. 200ലേറെ കെട്ടിടങ്ങള്‍ നിലംപതിച്ചുവെന്നാണ് ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പറയുന്നത്.
മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങള്‍ക്കുള്ളില്‍ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പരിക്കേറ്റ മനുഷ്യരെയും മൃഗങ്ങളെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് വലിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്..
രാജ്യത്തെ മുഴുവൻ രക്ഷാ സംഘങ്ങളെയും ലാ ഗൈറയിലേക്ക് എത്തിക്കാൻ ഭരണകൂടം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ തന്നെ ആക്ടിങ് പ്രസിഡൻ്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തകർന്ന ആശുപത്രികള്‍ക്കും വീടുകള്‍ക്കും വേണ്ടി 200 മില്യണ്‍ ഡോളറിൻ്റെ പുനർനിർമ്മാണ ഫണ്ട് സൃഷ്ടിക്കുന്നുണ്ടെന്ന് റോഡ്രിഗസ് അറിയിച്ചു.
ട്രുജില്ലോ, മിരാണ്ട, ല ഗ്വാറിയ, കരബോബോ എന്നീ സംസ്ഥാനങ്ങളെയും ഭൂകമ്പത്തിൻ്റെ കെടുതി ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വൈദ്യുതി വിതരണവും മുടങ്ങിക്കിടക്കുകയാണ്. തീരദേശനഗരമായ മോറോമിന് പടിഞ്ഞാറ് 21 കിലോമീറ്റർ അകലെ 22 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഈ സ്ഥലത്തു നിന്ന് 45 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലാണ് 7.5 തീവ്രതയുള്ള രണ്ടാം ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സർവ്വേ അറിയിച്ചു.
0 Comments