Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഭാരതപ്പുഴ വറ്റുന്നു; ജലവിതരണത്തില്‍ കടുത്ത നിയന്ത്രണം.

ഭാരതപ്പുഴ വറ്റുന്നു; ജലവിതരണത്തില്‍ കടുത്ത നിയന്ത്രണം.


ഷൊർണ്ണൂർ: ഷൊർണ്ണൂരില്‍ നിന്നുള്ള കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണമേർപ്പെടുത്തി ജലഅതോറിറ്റി അധികൃതർ. കടുത്ത വേനലില്‍ ഭാരതപ്പുഴയിലെ വെള്ളം വറ്റിത്തുടങ്ങിയതും വേനല്‍മഴ തീരെ ലഭിക്കാതിരിക്കുന്നതുമാണ് നിയന്ത്രണമേർപ്പെടുത്താൻ കാരണമെന്ന് അധികൃതർ അറിയിച്ചു. വരുംദിവസങ്ങളില്‍ ഭാഗികമായി മാത്രമേ കുടിവെള്ള വിതരണം നടത്താൻ സാധിക്കുകയുള്ളൂ. നിലവിലെ സ്ഥിതി തുടർന്നാല്‍ കുടിവെള്ള വിതരണം പൂർണ്ണമായും നിലക്കുമെന്നും മുന്നറിയിപ്പുണ്ട്.

       ഭാരതപ്പുഴയിലെ വെള്ളത്തെ മാത്രം ആശ്രയിച്ചാണ് ഷൊർണ്ണൂരില്‍ ജലഅതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നത്. 150 കുതിരശക്തിയുള്ള രണ്ട് മോട്ടോർ പമ്പ് സെറ്റുകള്‍ പ്രവർത്തിപ്പിച്ചാണ് ഷൊർണൂരില്‍ 24 മണിക്കൂറും വെള്ളം വിതരണം ചെയ്യുന്നത്. എന്നാല്‍, പമ്പിങ് കിണറില്‍ ഇതിന് പര്യാപ്തമായ വെള്ളം ലഭിക്കാതായിട്ടുണ്ട്. പുഴയില്‍ ചാല് കീറി പമ്പിംഗ് കിണറിനടുത്തേയ്ക്ക് വെള്ളം എത്തിക്കാനുള്ള സാധ്യതയും ഇല്ലാത്ത വിധം ജലനിരപ്പ് താഴ്ന്നിട്ടുണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു. ഷൊർണ്ണൂരിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമായി കണ്ട് നിർമ്മിച്ച തടയണയില്‍ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. 

       വേനല്‍ക്കാലത്ത് മലമ്പുഴ ഡാമില്‍നിന്ന് തുറന്ന് വിടുന്ന വെള്ളമോ വേനല്‍മഴയില്‍ ലഭിക്കുന്ന വെള്ളമോ ലഭിച്ചാല്‍ മാത്രമേ തടയണയില്‍ വെള്ളമുണ്ടാകൂവെന്ന സ്ഥിതിയാണ്. നിലവില്‍ തന്നെ നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കുന്നില്ല. മറ്റ് ഭാഗങ്ങളില്‍ ഒന്ന് രണ്ട് ദിവസം കൂടുമ്പോഴാണ് വെള്ളം ലഭിക്കുന്നത്. ഇനിയും നിയന്ത്രണം കൂട്ടിയാല്‍ കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയും. ടൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ഓഫീസുകളിലുള്ളവരും സ്വന്തമായി കിണറില്ലാത്ത വീട്ടുകാരും ബുദ്ധിമുട്ടും.

          പുഴയില്‍ വെള്ളമില്ലാതെ കുടിവെള്ള വിതരണത്തില്‍ കടുത്ത നിയന്ത്രണമേർപ്പെടുത്തുമ്പോഴും പ്രധാന പൈപ്പുകളടക്കം പൊട്ടി വ്യാപകമായി വെള്ളം പാഴാകുന്നത് അറ്റകുറ്റപ്പണി നടത്തി ഒഴിവാക്കാൻ ഇപ്പോഴും അധികൃതർക്കാവുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement