പ്രസവത്തെത്തുടർന്ന് രണ്ട് യുവതികൾ മരിച്ചു, ചികിൽസാപ്പിഴവെന്ന് ആരോപണം.
തൃശൂർ: കൊടുങ്ങല്ലൂരിലും മാളയിലുമായി പ്രസവത്തെത്തുടർന്ന് രണ്ട് യുവതികൾ മരിച്ചു. മരണം ചികിൽസാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൊടുങ്ങല്ലൂരിലാണ് ഒരു സംഭവം. പ്രസവ ശസ്ത്രക്രിയ്ക്കു ശേഷമുള്ള ചികിത്സയ്ക്കിടെയാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സിസേറിയനിലൂടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ചെന്ത്രാപ്പിന്നി സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി കാർത്തിക മരിച്ചത്. പ്രസവശേഷം ഒമ്പത് ദിവസം താലൂക്ക് ആശുപത്രിയില്‍ കിടന്നിരുന്നു. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് പഴുപ്പു കണ്ടതോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു. ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കിയെങ്കിലും കൂടുതല്‍ ആന്തരികാവയവങ്ങളിലേക്ക് പഴുപ്പ് ബാധിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ കാര്‍ത്തിക മരിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് കാര്‍ത്തികയുടെ ഭര്‍ത്താവ് അഷിമോന്‍ ആരോപിച്ചു. പിഴവു വരുത്തിയ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ സമരം തുടങ്ങുമെന്ന് കാർത്തികയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
മറ്റൊരു സംഭവം മാളയിലാണ്. പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയിലെ പിഴവാണ് കുഴൂര്‍ സ്വദേശിനി നീതു (31) മരിക്കാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തിതിട്ടുണ്ട്. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിൽ ആയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്. യുവതി അബോധാവസ്ഥയിലായതിനെ തുടർന്ന് തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാലക്കുടി പാലസ് ആശുപത്രിയിൽ അനസ്തീഷ്യ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്.
0 Comments