ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി. കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും 19.60 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനായ എം.സി. കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി.കെ. പൂക്കോയ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. 2006ല്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന പേരില്‍ കാസര്‍കോട് ചന്തേര മാണിയാട്ട് തവക്കല്‍ കോംപ്ലക്‌സിലാണ് ആദ്യകമ്പനി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 2007ലും 2008ലും 2012ലും 2016ലുമായാണ് മറ്റു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരേ മേല്‍വിലാസത്തിലാണ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഫാഷന്‍ ഗോള്‍ഡ് ഇന്റെര്‍നാഷനല്‍ എന്ന സ്ഥാപനമല്ലാതെ മറ്റൊന്നും മാണിയാട്ട് ഉണ്ടായിരുന്നില്ലെന്നാണ് പരാതി. മുസ്ലിം ലീഗ് ഭാരവാഹികളും പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമെന്നു പറഞ്ഞ് ജനവിശ്വാസം നേടിയെടുത്താണ് പലരില്‍ നിന്നുമായി ഓഹരികള്‍ പിരിച്ചത്. ഒടുവില്‍ ലാഭവിഹിതം കിട്ടാതായതോടെ പലരും പരാതിയുമായെത്തിയെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദം കാരണം പിന്‍വാങ്ങിയിരുന്നു. ചര്‍ച്ച നടത്തിയ നേതാക്കള്‍ ഉറപ്പ് ലംഘിച്ചതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി പ്രവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് നിക്ഷേപത്തിലൂടെ നഷ്ടമുണ്ടായത്.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്. അനിയന്ത്രിത നിക്ഷേപപദ്ധതി നിരോധനനിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് കണ്ടുകെട്ടി ഉത്തരവിറക്കിയത്. കെണ്ടുകെട്ടിയ വസ്തുവകകളിന്മേലുള്ള ആദായം പ്രതികൾ എടുക്കുന്നതും ഇവ മറിച്ചു വിൽക്കുന്നതും തടഞ്ഞിഞിട്ടുണ്ട്.
ചെയർമാൻ എം.സി. കമറുദ്ദീൻ എം.ഡി. പൂക്കോയ തങ്ങൾ എന്നിവരുടെ പേരിൽ പയ്യന്നൂർ ടൗണിലുളള ഫാഷൻ ഓർണമെൻസ് ജ്വല്ലറി കെട്ടിടം, ബാംഗ്ലൂർ സിലിഗുണ്ട വില്ലേജിൽ പൂക്കോയ തങ്ങളുടെ പേരിൽ വാങ്ങിയ ഒരേക്കർ ഭൂമി, ഖമർ ഫാഷൻ ഗോൾഡ് ജ്വല്ലറിക്കു വേണ്ടി എം.സി. കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടെയും പേരിൽ കാസർകോട് ടൗണിൽ വാങ്ങിയ ഭൂമി, പൂക്കോയ തങ്ങളുടെ പേരിലുളള ഹോസ്ദുർഗ് താലൂക്കിലെ മാണിയാട്ടുളള 17.29 സെന്റ്, എം.സി. കമറുദ്ദീന്റെ പേരിലുള്ള ഉദിനൂർ വില്ലേജിലുളള 17 സെന്റ്, ഇയാളുടെ ഭാര്യയുടെ പേരിലുളള ഉദിനൂർ വില്ലേജിലുളള 23 സെന്റ് സ്ഥലം എന്നിവയാണ് കണ്ടുകെട്ടിയത്.
0 Comments