Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട്ടിൽ രാഹുൽ ഗന്ധിയും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിച്ചു നൽകും.

വയനാട്ടിൽ രാഹുൽ ഗന്ധിയും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിച്ചു നൽകും.



തിരു.: ദുരന്തബാധിത പ്രദേശമായ ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടു വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗന്ധി 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി. സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച്‌ നന്ദി അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
         ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്‌എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാരിന് നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
         വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറയ്ക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. ഓർത്തഡോക്സ് സഭ 100 വീടുകൾ നിര്‍മ്മിച്ചു നൽകുവാൻ വേണ്ട ക്രമീകരണങ്ങൾ ആരംഭിച്ചു. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച്‌ നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചിരിക്കുന്നു. എൻഎസ്എസ് 25 ലക്ഷം രൂപ നൽകി.
       മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസ ലോകത്തു നിന്നും ചലച്ചിത്ര മേഖലയില്‍ നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പ്രമുഖ ചലചിത്ര താരങ്ങള്‍ നല്‍കിയ സഹായം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനു പുറമെ ചലച്ചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്. കിംസ് ഹോസ്പിറ്റല്‍ ഒരു കോടി രൂപ നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ്  50 ലക്ഷം രൂപ നൽകി.
        ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement