Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അത്തം പത്തിന് പൊന്നോണം; ഇന്ന് അത്തം.

അത്തം പത്തിന് പൊന്നോണം; ഇന്ന് അത്തം.

കോട്ടയം: അത്തം പത്തിന് തിരുവോണം എന്നാണല്ലോ പറയാറുള്ളത്. ഇന്നു മുതല്‍ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം കൊണ്ട് നിറയും. സെപ്തംബര്‍ 15ന് ആണ് തിരുവോണം. ഓണം ആഘോഷങ്ങളിലെ വളരെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് അത്തം. സംസ്ഥാനത്തിന്റെ ഓണാഘോങ്ങളുടെ തുടക്കം കുറിച്ച്‌ കൊണ്ട് അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.
       അത്തം മുതല്‍ പത്ത് നാളാണ് പൂക്കളമൊരുക്കുക. മുറ്റത്താണ് പൂക്കളമിടുക. അതിനായി മണ്ണ് വൃത്തിയാക്കി തറയൊരുക്കും. ചിലയിടങ്ങളില്‍ അല്പം പൊക്കത്തില്‍ പൂക്കളത്തിനായി മണ്‍തറ ഒരുക്കാറുണ്ട്. അനിഴം നാള്‍ മുതലാണ് അത് ഒരുക്കുക. തറ ശരിയായാല്‍ വട്ടത്തില്‍ ചാണകം മെഴുകും. നടുക്ക് കുട വയ്ക്കാന്‍ ചാണക ഉരുളയും വെയ്ക്കും. അത്തത്തിന് തുമ്പപ്പൂ കൊണ്ട് ലളിതമായ പൂക്കളം തീര്‍ക്കും. ചിത്തിരയ്ക്കും വെളുത്ത പൂക്കളാണിടുക. വട്ടത്തിലിടുന്ന കളം ഓരോ ദിവസവും വലുതാകും. ആദ്യ ദിനം മഞ്ഞപ്പൂക്കളായ മുക്കുറ്റിയും കോളാമ്പിയും ഇടുന്നവരുമുണ്ട്. ചോതി നാള്‍ മുതലാണ് നിറമുള്ള പൂക്കളിടുക. പ്രത്യേകിച്ചും ചെമ്പരത്തി അടക്കമുള്ള ചുവന്ന പൂക്കള്‍ ഇടും. ഒന്നാം ദിനം ഒരു നിര, രണ്ടാം ദിനം രണ്ടു വട്ടം എന്നിങ്ങനെ കളത്തിന്റെ വലിപ്പം കൂടി വരും. മൂലത്തിന് ചതുരത്തില്‍ പൂക്കളമിടണം. ഇതിന് മൂലക്കളം എന്ന് പറയും. ഉള്ളില്‍ സുദര്‍ശന ചക്രമോ നക്ഷത്രമോ പ്രത്യേകം തീര്‍ക്കുന്നവരും ഉണ്ട്. ചോതിനാള്‍ മുതല്‍ നടുക്ക് വയ്ക്കുന്ന കുട നാലു ഭാഗത്തേക്കും വയ്ക്കാറുണ്ട്. പച്ച ഈര്‍ക്കിലില്‍ പൂവ് കൊരുത്താണ് കുട വെയ്ക്കുക. വാഴത്തടയില്‍ നടുക്ക് കുട വെയ്ക്കുന്ന ചടങ്ങ് തെക്കൻ പ്രദേശങ്ങളിലുണ്ട്. പൂരാടത്തിന് കള്ളികള്‍ തീര്‍ത്താണ് പൂക്കളം ഒരുക്കുക. ഓരോ കള്ളിയിലും ഓരോ പൂക്കള്‍. ഉത്രാടത്തിന് പത്തു നിറമുള്ള പൂക്കളിടണം. ഏറ്റവും വലിയ പൂക്കളവും ഉത്രാടത്തിനാണ്. തിരുവോണത്തിന് തുമ്പക്കുടം മാത്രമാണ് ഇടുക. ചിലയിടങ്ങളില്‍ തുളസിയുമുണ്ടാകും. തൃക്കാക്കരയപ്പനെ പൂക്കളത്തില്‍ വെയ്ക്കുന്നതും അന്നാണ്. തൃക്കാക്കരയപ്പനെ തുമ്പക്കുടം കൊണ്ട് പൂമൂടല്‍ നടത്തണമെന്നാണ്. വടക്കൻ പ്രദേശങ്ങളിൽ മാതേവരെ വെയ്ക്കുക എന്ന് പറയും. പൂരാടം മുതല്‍ മാതേവരെ വെയ്ക്കുന്ന ഇടങ്ങളുമുണ്ട്. വള്ളുവനാട്ടില്‍ അത്തം മുതല്‍ മാതേവരെ വെയ്ക്കും. മാവേലി, തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പത്തില്‍ മൂന്ന് മാതേവരെയാണ് വെയ്ക്കുക. ചിലയിടങ്ങളില്‍ ഏഴ് വരെ വെയ്ക്കും. അരിമാവ് കൊണ്ട് കളം വരച്ച്‌ പലക മേലാണ് മാതേവരെ വെയ്ക്കുക. തെക്ക് മഞ്ഞമുണ്ടിന്റെ നൂല്‍ ചുറ്റുന്ന ചടങ്ങുമുണ്ട്. വടക്ക് തൃക്കാക്കരയപ്പനെ വരവേല്ക്കുന്ന ചടങ്ങുമുണ്ട്. കോലം വീടിന്റെ ഉമ്മറത്തും തീര്‍ക്കാറുണ്ട്. തുടര്‍ന്ന് തൃക്കാക്കരയപ്പന് അട നേദിക്കും. ഉത്രട്ടാതി വരെ കളം നിര്‍ത്തുന്നവരുണ്ട്. മറ്റു ചിലയിടങ്ങളില്‍ രേവതി നാളില്‍ കളത്തിന്റെ അരിക് മുറിച്ചാണ് ഓണപ്പൂക്കളത്തിന്റെ പരിസമാപ്തി കുറിക്കുക.
      അതേസമയം, ഇക്കാലത്ത് പൂക്കളുടെ ലഭ്യതക്കുറവും പൂക്കളമിടാനുള്ള സമയക്കുറവും ആചാരങ്ങളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. റെഡിമെയ്ഡ് പൂക്കളം, പ്ലാസ്റ്റിക് പൂക്കൾ ഒക്കെ ഇന്ന് ഓരോ വീടിൻ്റെയും മുറ്റം കയ്യടക്കിക്കഴിഞ്ഞു. എന്നാലും ഓണം മലയാളികൾക്ക് എന്നും ഒരു സുഖമുള്ള ഓർമ്മയാണ്. ജീവിത സന്ധാരണത്തിനായി നാടുവിട്ടു പോകുന്ന മലയാളികളിൽ ഏറെയും തിരികെയെത്തുന്നതും ഓണക്കാലത്താണ്.

Post a Comment

0 Comments

Ad Code

Responsive Advertisement