Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതിനിരക്കു കൂടിയേക്കും.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ വൈദ്യുതിനിരക്കു കൂടിയേക്കും.


തിരു.: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടായേക്കും. ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരക്കുവര്‍ദ്ധന ഉടനടി പ്രഖ്യാപിക്കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.
        ഈ മാസം അവസാനം പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുകയും നവംബര്‍ ഒന്നു മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്താനുമാണു നേരത്തേ ആലോചിച്ചിരുന്നത്. പൊതു തെളിവെടുപ്പ് അടക്കം പൂര്‍ത്തിയാക്കി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ താരിഫ് നിര്‍ണ്ണയത്തിന്‍റെ അന്തിമ നടപടികളിലേക്കു കടന്നിരുന്നു. ഈ മാസം അവസാനത്തോടെ 2024-'25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച്‌ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്‍റെ തയ്യാറെടുപ്പ്. ഇതിനിടെയാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിയമോപദേശം തേടിയ ശേഷം മാത്രമാകും റെഗുലേറ്ററി കമ്മീഷന്‍ മുന്നോട്ടു പോവുക.
         തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിനാല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അതു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണു സര്‍ക്കാര്‍.
അതേസമയം, നിരക്കുവര്‍ധന ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച 2022-'27 കാലയളവിലെ വരവു കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്‌ഇബി നിരക്ക് പരിഷ്‌കരണത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. അതിനാല്‍ത്തന്നെ കെഎസ്‌ഇബി ആവശ്യപ്പെട്ട നിരക്കുകളില്‍ കാര്യമായ കുറവ് വരുത്താന്‍ സാധ്യതയില്ല. നിലവിലെ യൂണിറ്റില്‍ ശരാശരി 4.45 ശതമാനം നിരക്കുവര്‍ദ്ധനയാണു കെഎസ്‌ഇബി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പുറമേ വേനല്‍ക്കാലത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനു യൂണിറ്റിനു പത്തു പൈസ അധികമായി ഈടാക്കുന്ന തരത്തില്‍ സമ്മര്‍ താരിഫ് നടപ്പിലാക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിട്ടുണ്ട്.
      നിരക്കുവര്‍ധനയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ പൊതു തെളിവെടുപ്പുകളില്‍ നിരക്കു വര്‍ധനയ്‌ക്കെതിരേ വലിയ ജനരോഷമാണ് ഉയര്‍ന്നത്. പലയിടത്തും കെഎസ്‌ഇബി ഉദ്യോഗസ്ഥരും ഉപയോക്താക്കളും തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നു. എന്നാൽ, അത്തരം പ്രതിഷേധങ്ങളെ എല്ലാം നിർദ്ദാക്ഷിണ്യം കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് കെഎസ്ഇഇബിയുടേയും സർക്കാരിൻ്റേയും നീക്കം.

Post a Comment

0 Comments

Ad Code

Responsive Advertisement