Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറുകളടക്കം ചെറുവാഹനങ്ങള്‍ക്ക് ഇനി ടോള്‍ വേണ്ട.

കാറുകളടക്കം ചെറുവാഹനങ്ങള്‍ക്ക് ഇനി ടോള്‍ വേണ്ട.

മുംബൈ: റോഡ് മാര്‍ഗ്ഗം ഇന്ത്യയിലെ മഹാനഗരങ്ങളിലേക്ക് പോകുന്നവരുടെ ഒരു ആശങ്കയായിരിക്കും ഭീമമായ ടോളുകള്‍. എന്നാല്‍, ഇനി മുതല്‍ മുംബൈ നഗരത്തിലേക്ക് പോകുന്ന കാറുകള്‍ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് ടോളുകള്‍ നല്‍കേണ്ടതില്ലെന്നതാണ് സന്തോഷ വാര്‍ത്ത. തിങ്കളാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലേക്കുള്ള പ്രവേശന കവാടമായി പ്രവര്‍ത്തിക്കുന്ന അഞ്ച് ടോള്‍ ബൂത്തുകളിലും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പൂര്‍ണ്ണ ടോള്‍ ഇളവ് പ്രഖ്യാപിച്ചത്. ഒക്‌ടോബര്‍ 15 അര്‍ദ്ധരാത്രി മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സംസ്ഥാനത്ത് അവസാന മന്ത്രിസഭാ യോഗത്തിലാണ് ജനപ്രിയ തീരുമാനം കൈക്കൊണ്ടത്.

         ചെറുവാഹനങ്ങളിലെ യാത്രക്കാര്‍ക്ക് ഇനി മുതല്‍ ദഹിസര്‍, മുളുന്ദ്, വാഷി, ഐറോളി, തിന്‍ഹാന്ദ് നാക എന്നീ അഞ്ച് ടോള്‍ ബൂത്തുകളില്‍ ടോള്‍ നല്‍കാതെ തന്നെ ഉപയോഗിക്കാനാകും. എല്ലാ വാഹനങ്ങളും ഈ ടോള്‍ ബൂത്തുകളിലൂടെ കടന്ന് വേണമായിരുന്നു മുംബൈ നഗരത്തില്‍ പ്രവേശിക്കാന്‍. ചെറിയ വാഹനങ്ങളില്‍ നഗരത്തില്‍ പ്രവേശിക്കുന്ന ദൈനംദിന യാത്രക്കാര്‍ക്ക് ഈ പ്രധാന എന്‍ട്രി പോയിന്റുകളിലെ ടോളില്‍ നിന്ന് ഒഴിവാക്കിയ നീക്കം പ്രയോജനപ്പെടും. ഈ 5 ടോള്‍ ബൂത്തുകളില്‍ 45 രൂപ മുതല്‍ 75 രൂപ വരെയായിരുന്നു ടോള്‍ ഈടാക്കിയിരുന്നത്. ഈ സ്ഥലങ്ങളിലെ ടോള്‍ ബൂത്തുകള്‍ മുംബൈയുടെ റോഡ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഒരു പ്രധാന ഭാഗമാണ്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ നഗരത്തില്‍ പ്രവേശിക്കുന്നത്. പ്രധാനമായും യാത്രക്കാരെയോ ചരക്കുകളോ കൊണ്ടുപോകുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള വാഹനങ്ങളെയാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ എന്ന് വിളിക്കുന്നത്. കാറുകള്‍ (ഹാച്ച്ബാക്കുകള്‍, സെഡാനുകള്‍, എസ്‌യുവികൾ), ജീപ്പുകള്‍, വാനുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍, ഡെലിവറി വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രതിദിനം ആറ് ലക്ഷത്തിലധികം വാഹനങ്ങള്‍ മുംബൈ നഗരത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ 80 ശതമാനവും ലൈറ്റ് മോട്ടോര്‍ വാഹനങ്ങളാണ്. മുംബൈയിലെ ഈ 5 ബൂത്തുകള്‍ ടോള്‍ സൗജന്യമാക്കുന്നതിലൂടെ ഏകദേശം 2.80 ലക്ഷം കാര്‍ ഡ്രൈവര്‍മാര്‍ക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഏകദേശം 1.5 കോടി രൂപയാണ് ഈ ടോള്‍ പ്ലാസകളില്‍ നിന്ന് പ്രതിദിനം ലഭിക്കുന്നത്. ടോള്‍ സൗജന്യമാക്കുന്നതിനാല്‍ സര്‍ക്കാറിന് ഭീമമായ വരുമാന നഷ്ടവുമുണ്ടാകും.

       എന്‍സിപി നേതാവ് ബാബ സിദ്ദിഖ് കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. ടോള്‍ ഒഴിവാക്കിയ നടപടിക്ക് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജനങ്ങള്‍ പരാതിപ്പെടുന്നുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു.

        മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലെ അഞ്ച് ടോള്‍ ബൂത്തുകള്‍ ചെറുവാഹനങ്ങള്‍ക്ക് സൗജന്യമാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ടോള്‍ പ്ലാസകള്‍ മൊത്തത്തില്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ്. ടോള്‍ പ്ലാസകള്‍ ഒഴിവാക്കിക്കൊണ്ട് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് സംവിധാനം കൊണ്ടുവരാന്‍ പോകുകയാണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമായ ജിഎന്‍എസ്എസിന്റെ പൈലറ്റ് പ്രൊജക്ട് രാജ്യത്തെ രണ്ട് ഹൈവേകളില്‍ ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്. ജിഎന്‍എസ്എസ് സംവിധാനം പൂര്‍ണ്ണമായും സാറ്റലൈറ്റ് അധിഷ്ഠിത സാങ്കേതികവിദ്യയാണ്. ഇതിന് കീഴില്‍ ഒരു വാഹനം ഹൈവേയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതില്‍ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് ഉപകരണത്തിലൂടെ സോഫ്റ്റ്‌വെയര്‍ സ്ഥാനം കണ്ടെത്തുന്നു. വാഹനം ഹൈവേയില്‍ നിന്ന് പുറത്തുകടന്ന ശേഷം എന്‍ട്രി, എക്‌സിറ്റ് ദൂരം അടിസ്ഥാനമാക്കി കാറുടമയുടെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ ഫീസ് കുറയ്ക്കും. നിലവിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ കൊടുത്താന്‍ മതിയെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.



Post a Comment

0 Comments

Ad Code

Responsive Advertisement