Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു.

കാറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. 


കൊല്ലം: ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ്  കസ്റ്റഡിയിൽ എടുത്തു. കാറിൽ ഉണ്ടായിരുന്ന പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
        ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. നഗരമധ്യത്തിൽ റെയിൽവെ സ്റ്റേഷന് അടുത്തായുള്ള സ്ഥലത്താണ് സംഭവം. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. യുവതിയേയും സ്ഥാപനത്തിൻ്റെ ബിസിനസ്  പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് വിവരം. എന്നാൽ, പത്മരാജൻ ലക്ഷ്യമിട്ടയാളല്ല കാറിൽ ഉണ്ടായിരുന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്. രണ്ട് വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പൊലീസും ഫയർ ഫോഴ്സും എത്തിയാണ് തീയണച്ചത്. പിന്നീടാണ് അനിലയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സോണിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
       കൊലപാതക കാരണം കുടുംബവഴക്കെന്നാണ് സൂചന. വണ്ടി കുറുകെ നിർത്തുന്നതും എന്തോ ഒന്ന് എറിയുന്നത് കണ്ടെന്നും നാട്ടുകാർ പറയുന്നു. എറിഞ്ഞയുടൻ വണ്ടി കത്തിപ്പിടിച്ചു. നാട്ടുകാർ ഓടിയെത്തുമ്പോൾ യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ കാറിന്റെ പുറത്തേയ്ക്ക് വീണു. എന്നാൽ, സീറ്റ് ബെൽറ്റ് മുറുകിക്കിടന്നതിനാൽ യുവതിയെ ഉടൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കൊലപാതകം നടത്തിയതിന് ശേഷം പ്രതി നേരെ ഓടിച്ചെന്നത് പൊലീസ് സ്റ്റേഷനിലേക്കാണ്. നാട്ടുകാർ ഇയാളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. കാവി മുണ്ടും പച്ച ഷർട്ടും ധരിച്ചയാളായിരുന്നു ഈ ക്രൂരകൃത്യം ചെയ്‌തതെന്നും നാട്ടുകാർ പറയുന്നു.
       അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി. ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകൾ ഉൾപ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിൻ്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പത്മരാജൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. 

Post a Comment

0 Comments

Ad Code

Responsive Advertisement