മന്ത്രിസഭയുടെ അന്തിമപട്ടിക ഇന്ന്.തിരു.: കേരളത്തിലെ പുതിയ യുഡിഎഫ് സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണം ഇന്ന് പൂർത്തിയാവും. മുഖ്യമന്ത്രി വി.ഡി. സതീശന് മറ്റ് വകുപ്പുകൾക്ക് ഒപ്പം ധനകാര്യ വകുപ്പിന്റെ ചുമതലയാകും ഉണ്ടാകുക. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസ് വകുപ്പും ലഭിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ, വർക്കിംഗ് പ്രസിഡന്റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവരാണ് മറ്റ് കോണ്ഗ്രസ് മന്ത്രിമാർ.
പട്ടികവർഗ്ഗ പ്രതിനിധ്യത്തില്‍ വയനാട് ജില്ലയില്‍ നിന്നുള്ള ഐ.സി. ബാലകൃഷ്ണനും മന്ത്രിസഭയിലുണ്ടായേക്കും. കോൺഗ്രസിലെ മുസ്ലിം പ്രാതിനിധ്യത്തില്‍ അരൂരില്‍ നിന്നുള്ള ഷാനിമോള്‍ ഉസ്മാൻ, ആലുവയില്‍ നിന്നുള്ള അൻവർ സാദത്ത് എന്നിവരില്‍ ഒരാളും മന്ത്രിസഭയിലെത്തിയേക്കും. എൻ. ശക്തനാണ് സ്പീക്കർ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. എം. വിൻസന്റിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്.
മുസ്ലിം ലീഗില്‍ നിന്ന് അഞ്ചു മന്ത്രിമാരുണ്ടാകും. പി.കെ. കുഞ്ഞാലിക്കുട്ടി, പാറയ്ക്കല്‍ അബ്ദുള്ള, കെ.എം. ഷാജി, എൻ. ഷംസുദീൻ, വി.ഇ. അബ്ദുള്‍ ഗഫൂർ എന്നിവരാകും മന്ത്രിമാർ. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് ഉറപ്പായി. രണ്ടാം മന്ത്രിയില്‍ ചർച്ച തുടരുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യും. വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളുടെ മാറ്റവും ചർച്ച ചെയ്തു. ആർഎസ്പിയുടെ ഷിബു ബേബി ജോണ് തൊഴില്‍ വകുപ്പിനു പുറമേ ജലവിഭവ വകുപ്പു കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോൺഗ്രസ് - ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബും കെഡിപിയിലെ മാണി സി. കാപ്പനും ടേം വ്യവസ്ഥ വേണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും ഇരുവരും സമ്മതിച്ചിട്ടില്ല. അതേസമയം, മുൻ യുഡിഎഫ് മന്ത്രിസഭയിൽ ഏകാംഗമായ അനൂപ് ജേക്കബ് അഞ്ച് വർഷവും മന്ത്രിയായിന്നു. യുഡിഎഫ് കൂറുള്ള പിറവം മണ്ഡലത്തിൽ നിന്നും അനായാസ വിജയം നേടിയാണ് അനൂപ് എത്തിയത്. എന്നാൽ, ശക്തമായ ത്രികോണ മത്സരത്തിൽ ജോസ് കെ. മാണിയേയും ഷോൺ ജോർജിനേയും വീണ്ടും തറപറ്റിച്ച് എത്തിയ മാണി സി കാപ്പന് ഇതുവരെ മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. സിഎംപിയിലെ സി.പി. ജോണിന് അഞ്ചു വർഷവും മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യുഡിഎഫിലെ ശക്തയായ വനിതാ എംഎൽഎ ആർഎംപിയുടെ കെ.കെ. രമയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
0 Comments