
പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ്, വൈക്കം എസ്എംഎസ്എൻ എച്ച്എസ്എസ്, അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്എസ്എസ്, കോട്ടയം എംഡി സെമിനാരി എച്ച്എസ്എസ്, കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസ് എന്നിവയായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്വീകരണ, വിതരണകേന്ദ്രങ്ങൾ.
വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കു രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിങ് നടക്കും. രാഷ്ട്രീയപാർട്ടി പ്രതിധികളായി രണ്ടു പേരെങ്കിലും ഉണ്ടെങ്കിൽ യഥാർത്ഥ പോളിങ് സമയത്തിന് 90 മിനിട്ട് മുമ്പ് മോക് പോൾ നടത്തണമെന്നാണ് ചട്ടം. കുറഞ്ഞത് അൻപതു വോട്ടുകളെങ്കിലും ചെയ്തുകൊണ്ടായിരിക്കും മോക് പോൾ നടത്തുക. നോട്ടയുൾപ്പെടെ എല്ലാ സ്ഥാനാർത്ഥികൾക്കും മോക് പോളിൽ വോട്ടു ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തുടർന്ന് ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ട് രേഖപ്പെടുത്തും. മോക് പോളിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ ക്ലിയർ ചെയ്ത ശേഷമായിരിക്കും യഥാർത്ഥ പോളിങ്ങിലേക്ക് കടക്കുക. വൈകിട്ട് ആറുമണി വരെയാണ് പോളിങ് സമയം നിശ്ചയിച്ചിട്ടുള്ളത്. ആറുമണിക്കു പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനുള്ള വരിയിൽ നിൽക്കുന്നവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകും.
14 സ്ഥാനാർത്ഥികളാണ് കോട്ടയം ലോക്സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്. 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും ഇതിൽ ഉൾപ്പെടും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്റ്റേഷനുകളാണുള്ളത്.
പോളിങ്ങിനു ശേഷം സ്വീകരണ, വിതരണ കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം നാട്ടകം ഗവ. കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.
0 Comments