പാമ്പ് കടിയേറ്റ യുവതിക്കു രക്ഷകരായി പ്രതിയുമായി പോയ പൊലീസ് വാഹനം.
കോട്ടയം: പാമ്പ് കടിയേറ്റ യുവതിക്ക് പ്രതിയുമായി പോയ പൊലീസ് വാഹനം രക്ഷകരായി. യുവതിയെ പാലായിലെ ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട് !
ബുധനാഴ്ച രാത്രി പത്തരയോടെ ആണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെ (28) ആണ് വീടിന്റെ മുറ്റത്തുവച്ച് പാമ്പ് കടിച്ചത്. പ്രദീപിനൊപ്പം മുറ്റത്തു കൂടി നടക്കുന്നതിനിടെയാണ് സംഭവം. ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലൻസിനായി വഴിയിൽ കാത്തു നിൽക്കുന്നതിനിടെയാണ് വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി ചങ്ങനാശേരി പൊലീസിന്റെ വാഹനം ഇതുവഴിയെത്തത്. വഴിയിലെ ആൾക്കൂട്ടം കണ്ട് ചങ്ങനാശേരി എസ്ഐ. ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനം നിർത്തി. പാമ്പ് കടിയേറ്റ വിവരം അറിഞ്ഞ ഉടൻ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റി ഇരുത്തിയ ശേഷം, ഇവർ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ എം. ഷമീർ, ബി. ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഷമീറാണ് പൊലീസ് വാഹനം ഓടിച്ചിരുന്നത്. സമീപമുള്ള ആശുപത്രിയിൽ ആദ്യം രേഷ്മയെ എത്തിച്ചു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സ നൽകുന്നതിനായി പാലായിലെ ആശുപത്രിയിലേക്ക് ഉടനെത്തിക്കാൻ തീരുമാനിച്ചു. ആംബുലൻസ് എത്താൻ കാത്തു നിൽക്കാതെ വീണ്ടും പൊലീസ് ഇവരെ വാഹനത്തിൽ കയറ്റി പാലായിലെ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ രേഷ്മയെ എത്തിച്ച ശേഷമാണ് പ്രതിയുമായി പൊലീസ് സംഘം പൊൻകുന്നം സബ് ജയിലേക്ക് തിരിച്ചത്. അർദ്ധരാത്രി 12 മണിയോടെ പ്രതിയെ ജയിലിൽ എത്തിച്ചു. വൈകിയ കാരണത്തിനു റിപ്പോർട്ടും പൊലീസ് സംഘം ജയിൽ അധികൃതർക്ക് നൽകേണ്ടി വന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച രേഷ്മ സുഖം പ്രാപിച്ചു വരുന്നു. ഇവരുടെ ഫോൺ നമ്പർ വാങ്ങി പോയ പൊലീസ് സംഘം രാവിലെ വിളിച്ചു വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു.
0 Comments