Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: പലയിടത്തും വാഹനങ്ങൾ തടഞ്ഞു.

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: പലയിടത്തും വാഹനങ്ങൾ തടഞ്ഞു.
തിരു.: നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ആചരിക്കുന്ന ഹർത്താലിൽ തലസ്ഥാന നഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. തിരുവനന്തപുരത്തു തമ്പാനൂരിൽ നിന്നും കെഎസ്ആർടിസി ബസ് സർവീസ് നടത്തുവാൻ ഹർത്താൽ അനുകൂലികൾ അനുവദിച്ചില്ല.
       കോട്ടയത്ത് ഗാന്ധി സ്‌ക്വയർ ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞ് സമരം നടത്തി. കോട്ടയം പാമ്പാടി ആർഐറ്റി ജംഗ്ഷനിൽ വഴി തടഞ്ഞതിനെതുടർന്ന് കോട്ടയം - കുമളി റൂട്ടിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
       തിരുവല്ല നഗരത്തിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ആദ്യ ഘട്ടത്തിൽ ആംബുലൻസ് മാത്രമേ കടത്തിവിട്ടുള്ളൂ. അടൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിന് മുമ്പിലായി പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. 
        നെടുമങ്ങാടും കെഎസ്ആർടിസി ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. ഇടുക്കി ജില്ലയിലും പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞു. എന്നാൽ, ഇരുചക്ര വാഹനങ്ങൾ കടത്തിവിട്ടു. തിരുവനന്തപുരത്തും കണ്ണൂർ പഴയങ്ങാടിയിലും വാഹനങ്ങൾ തടഞ്ഞു.
       അതേസമയം, ഹർത്താൽ കോഴിക്കോട് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചില്ല. സിറ്റി സർവീസടക്കം സ്വകാര്യബസുകളും നിരത്തിൽ ഓടുന്നുണ്ട്. ജില്ലയിൽ മറ്റു പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ട ഒരു സ്ത്രീയെ ബസിൽ നിന്ന് ഇറക്കി. ഇവരെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 
         രാവിലെ ആറു മണിക്കാണ് ഹർത്താൽ ആരംഭിച്ചത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുമാണ് ഹർത്താൽ നടത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement