Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്.

മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്.
തിരു.: മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരിൽ ഒരാൾ മുഖ്യമന്ത്രിയാവാനാണ് സാധ്യത. മൂന്നു പേർക്കും വേണ്ടി ചരടുവലികൾ നടക്കുന്നുണ്ട്. സമവായത്തിലെത്താൻ കഴിയാതെ വന്നാൽ, പൊതു സമ്മതൻ എന്ന നിലയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് നറുക്ക് വീഴാനും സാധ്യത കാണുന്നു.
       മന്ത്രിക്കസേരക്ക് സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ, എൻ. ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തു നിന്ന് മാത്യു കുഴല്‍നാടനും ആര്യാടൻ ഷൗക്കത്തിനും സാധ്യതയുണ്ട്. ലത്തീൻ പ്രതിനിധിയായി ടി.ജെ. വിനോദോ എം. വിൻസെന്‍റോ എത്തും. വനിതാ നേതാക്കളില്‍ ബിന്ദു കൃഷ്‌ണയും ഷാനിമോള്‍ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയില്‍ ഉണ്ട്. വയനാട്ടില്‍ നിന്ന് ടി. സിദ്ദിഖും സാധ്യത പട്ടികയിലുണ്ട്.
       കോൺഗ്രസിന് 11 മന്ത്രിമാരെ ആവും ലഭിക്കുക. 5 സീറ്റുകൾ മുസ്ലീം ലീഗിനാണ്. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന സ്ക്വാഡില്‍ എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി എന്നിവർക്ക് പുറമെ കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും ഇടം നല്‍കാനാണ് ലീഗ് ആലോചിക്കുന്നത്. മണ്ണാർക്കാട് നിന്ന് തുടർച്ചയായി വിജയിക്കുന്ന എൻ. ഷംസുദ്ദീൻ, കുന്നമംഗലത്ത് അട്ടിമറി വിജയം നേടിയ എം.എ. റസാഖ് മാസ്റ്റർ എന്നിവരുടെ പേരുകള്‍ക്കാണ് മുൻഗണന. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് പദവിയുമാണ് മുന്നണിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന എംഎല്‍എമാരുടെ യോഗത്തില്‍ മോൻസ് ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തു. മോൻസ് ജോസഫ്, അപു ജോസഫ് എന്നിവരെ മന്ത്രിമാരാക്കാനാണ് പ്രാഥമിക ധാരണ. മുതിർന്ന നേതാവായ തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പ് പദവി നല്‍കി പരിഗണിക്കാനും പാർട്ടിയില്‍ ആലോചനയുണ്ട്. ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ് എന്നിവർ വിവിധ ഘടകകക്ഷി നേതാക്കളായി മന്ത്രിമാരായേക്കും. കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം മന്ത്രി പദവി നൽകിയേക്കും. ഈ മാസം 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും വിധമാണ് മന്ത്രിസഭാ ചർച്ചകൾ നടക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement