കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യമൃത് വ്രതക്കാർ യാത്ര തിരിച്ചു, നെയ്യാട്ടം മെയ് 21ന്.
കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം മെയ് 21ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയം ഭുവിൽ നടക്കുന്നതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കം കുറിക്കും. ഇതിനു മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് കഴിഞ്ഞ ദിവസം നടന്നു. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര തിരിച്ചു. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യമൃത് ഭക്തർ, വിഷുവിൻ്റെ പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർക്കാവ്, എടച്ചേരി നോർത്ത്, പള്ളൂർ, കോടിയേരി തുടങ്ങി പത്തോളം മഠങ്ങളിൽ നിന്നായി 130ൽപരം വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങുന്നത്. മെയ് 16ന് കാലത്താണ് കലശം കുളിച്ച് മഠത്തിൽ പ്രവേശിച്ചത്. അന്നേദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിന്നായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി. മാധവക്കുറുപ്പിൻ്റെ നേതൃത്വത്തിൽ കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപാലൻ വലിയ കുറുപ്പായ കെ.വി. ഗോപി കുറുപ്പിന് കൈമാറി. ഞായറാഴ്ച രാവിലെ ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പിൻ്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു. ആദ്യ ദിവസം എടയാറ്റിലും രണ്ടാം ദിവസം മണത്തണയിലും തങ്ങുന്ന നെയ്യമൃത് വ്രതക്കാർ മെയ് 21ന് ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കരക്കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ഇതോടെയാണ് തുടക്കം കുറിക്കുക.
മെയ് 22ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തോടെ സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കും. 29ന് തിരുവോണം ആരാധന, ഇളനീർവയ്‌പ്, 30ന് ഇളനീരാട്ടം, അഷ്ടമി ആരാധന, ജൂൺ 2ന് രേവതി ആരാധന, 6ന് രോഹിണി ആരാധന, 8ന് തിരുവാതിര ചതുശതം, 9ന് പുണർതം ചതുശതം, 11ന് ആയില്യം ചതുശതം. 13ന് മകം കലം വരവ്, 16ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവദിന ചടങ്ങുകൾ. 17ന് തൃക്കലശാട്ടത്തോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക.
0 Comments