രാജ്യത്ത് മൂന്നാംഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം കുറവ്.
ന്യൂഡൽഹി: രാജ്യത്ത് 93 സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനത്തിൽ ഇടിവ്. അഞ്ച് മണിവരെ ആകെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ പോളിംഗ് 67.4 ശതമാനമായിരുന്നു. ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിനെ തുടർന്ന് വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ എല്ലാ ശ്രമവും തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിരുന്നു. എന്നാൽ, കാര്യമായ ഉയർച്ച പോളിംഗ് ശതമാനത്തിൽ ഉണ്ടായില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മധ്യപ്രദേശിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടത്തിയത്. ഉത്തർപ്രദേശിൽ രാവിലെ ഭേദപ്പെട്ട പോളിംഗ് നടന്നെങ്കിലും ഉച്ചയോടെ ഇത് ഇടിഞ്ഞു.
കർണാടകയിൽ ബിജെപി ശക്തികേന്ദ്രങ്ങളായ തീരദേശ കർണാടകയിലും മുംബൈ കർണാടകയിലെ മേഖലകളിലുമാണ് പോളിംഗ് ശതമാനം ഉയർന്നത്. വൈകുന്നേരം അഞ്ചു വരെ കര്‍ണാടകയില്‍ 66.05 ശതമാനമാണ് പോളിംഗ്. കൊടുംവെയിലിൽ വോട്ടർമാർ എത്താതായതോടെ ആകെ പോളിംഗ് അമ്പത് ശതമാനം കടക്കാൻ മൂന്ന് മണി കഴിയേണ്ടി വന്നു.
മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിൽ നടന്ന മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ഇടിഞ്ഞു. ശക്തമായ പോരാട്ടം നടന്ന ബാരമതിയിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. കടുത്ത ചൂട് മൂന്നാം ഘട്ടത്തിലും വില്ലനായെന്നാണ് വിലയിരുത്തൽ. രത്നഗിരി - സിന്ധ് ദുർഗിൽ മത്സരിച്ച നാരായൺ റാണെയും ബാരമതിയിൽ സുപ്രിയ സുലെയുമായിരുന്നു പ്രധാന സ്ഥാനാർത്ഥികൾ. ഗുജറാത്തിലും ഉച്ചയോടെ പോളിംഗ് മന്ദഗതിയിലായി രണ്ടു മണ്ഡലങ്ങൾ മാത്രമുള്ള ഗോവയിൽ എന്നാൽ മികച്ച പോളിംഗ് നടന്നു.
പശ്ചിമബംഗാളിലെ ജങ്കിപ്പൂരില്‍ ബിജെപി സ്ഥാനാർത്ഥി ധനഞ്ജയ് ഘോഷും തൃണമൂല്‍ പ്രവർത്തകരും തമ്മില്‍ കയ്യാങ്കളി നടന്നു. മുർഷിദാബാദില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ മുഹമ്മദ് സലീമിനും തൃണമൂല് പ്രവർത്തകർക്കും ഇടയിൽ ഉന്തും തള്ളും ഉണ്ടായി.
ആസം, കർണാടക, ഗുജറാത്ത്, ഗോവ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നലെ പൂർത്തിയായി. ആകെ 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിലായി ബാക്കിയുള്ളത്.
0 Comments