ബ്രീത്ത് അനലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം രൂക്ഷം.

കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാൻ കെഎസ്ആർടിസിയിൽ കൊണ്ടുവന്ന ബ്രീത്ത് അനലൈസർ പരിശോധന ഭയന്ന് ഡ്രൈവർമാർ മുങ്ങുന്നു. ഗതാഗതമന്ത്രിയുടെ മണ്ഡലമായ പത്തനാപുരത്തെ ഡിപ്പോയിലടക്കം പലയിടത്തും സർവീസ് മുടക്കത്തിന് ഇത് കാരണമായി. ബ്രീത്ത് അനലൈസർ പരിശോധനയ്ക്ക് വിജിലൻസ് സംഘം എത്തുന്ന വിവരം അറിഞ്ഞാൽ തലേദിവസം മദ്യപിച്ച ഡ്രൈവർമാർ പോലും ഡ്യൂട്ടിക്ക് എത്താറില്ല. ബ്രീത്ത് അനലൈസറിൽ പൂജ്യത്തിനു മുകളിൽ റീഡിങ് കാണിച്ചാൽ സസ്പെൻഷനാണ് ശിക്ഷ. പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ ‘ഊതിക്കൽ’ പരിശോധനയിൽ, 100 മില്ലിലിറ്റർ രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 30 മില്ലിഗ്രാം കടന്നാലേ ശിക്ഷ ഉണ്ടാവുകയുള്ളൂ. കെഎസ്ആർടിസിയിലെ രീതി അനുസരിച്ച് തലേദിവസം രാവിലെ മദ്യപിച്ചാൽ പോലും സസ്പെൻഷൻ കിട്ടുന്നതിനാൽ ഡ്രൈവർമാർ അഡീഷണൽ ഡ്യൂട്ടിക്ക് വരാറില്ലെന്നാണ് യൂണിറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരം. പതിവ് ഡ്യൂട്ടിക്കു പുറമേ അഡീഷണൽ ഡ്യൂട്ടിക്ക് തയ്യാറുള്ള ഡ്രൈവർമാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പല ഡിപ്പോകളും ഓടിച്ചു കൊണ്ടുപോകുന്നത്. കഴിഞ്ഞ സ്ഥലംമാറ്റത്തിനു ശേഷം ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർക്ഷാമം രൂക്ഷമാണ്. ഇവിടങ്ങളിൽ സർവീസ് മുടക്കവും പതിവാണ് ബ്രീത്ത് അനലൈസർ പരിശോധനയെ തുടർന്ന് 204 ജീവനക്കാരെ ഇതുവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിൽ നൂറിലേറെപ്പേർ ഡ്രൈവർമാണ്. ഇതിനു പുറമേ മേയ് മാസത്തിൽ 274 ഡ്രൈവർമാർ വിരമിക്കുന്നുമുണ്ട്. ഇതോടെ കോർപ്പറേഷനിൽ, ഡ്രൈവർക്ഷാമം രൂക്ഷമാകും. ഇത് പരിഹരിക്കാനായി, വിരമിക്കുന്ന ഡ്രൈവർമാരിൽ തുടരാൻ താത്‌പര്യമുള്ളവരെ അതത് യൂണിറ്റുകളിൽ തന്നെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. നേരത്തേ വിരമിച്ചവരിൽ നിന്ന് 60 വയസ്സിൽ താഴെയുള്ളവരെയും പരിഗണിക്കും. പ്രത്യേക സർക്കുലർ ഇറക്കാതെ, താത്കാലിക നിയമനം നടത്താനാണ് പറഞ്ഞിരിക്കുന്നത്. ഇതിന് യൂണിറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ എം-പാനൽഡ് ഡ്രൈവർമാരുടെ പട്ടികയിൽ താത്പര്യമുള്ളവരിൽ നിന്ന് ‘ബദലി’ ഡ്രൈവർമാരെ തിരഞ്ഞെടുക്കാനും യൂണിറ്റുകളോട് നിർദ്ദേശിച്ചിരിക്കുകയാണ്.
0 Comments