ചെയർകാറല്ല സർ, ഇത് 'ബെഞ്ച് കാർ'! ജനശതാബ്ദിയില്‍ മടുപ്പിക്കുന്ന യാത്ര, പരാതികള്‍ വ്യാപകം.
തിരു.: ചെയർകാറല്ല സർ, ഇത് 'ബെഞ്ച് കാർ'! ഇതാണ് ജനശതാബ്ദിയിലെ സീറ്റിനെക്കുറിച്ചുള്ള യാത്രക്കാരുടെ പരാതി. കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് അടുത്തിടെയാണ് ലിങ്കെ ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളോടെ നവീകരിച്ചത്. ബാക്കിയെല്ലാം കൊള്ളാം. എന്നാൽ, ചെയർകാറിൻ്റെ പണം വാങ്ങിയിട്ട് ലോക്കൽ കൊച്ചിലെ സീറ്റ് നൽകിയെന്നതാണ് പ്രധാന പരാതി. ഈ സീറ്റിലിരുന്നുള്ള ദീർഘദൂരയാത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് യാത്രക്കാര്‍ പറയുന്നു.
പുതിയ നോണ്‍ എസി കോച്ചുകളിലെ ഇരിപ്പിട ക്രമീകരണത്തിൽ ഒട്ടേറെ യാത്രക്കാരാണ് അതൃപ്തി രേഖപ്പെടുത്തുന്നത്. മുൻകാല ജനശതാബ്ദി കോച്ചുകളിൽ ഉണ്ടായിരുന്ന ഫുട്ട് റെസ്റ്റുകളും ആം റെസ്റ്റുകളും പുതിയ കോച്ചുകളിൽ ഇല്ലാത്തതിനാൽ ദീർഘദൂര യാത്രയ്ക്ക് സീറ്റുകൾ അപര്യാപ്തമാണ്. യാത്രക്കാർക്ക് ചാഞ്ഞിരുന്ന് ഉറങ്ങാനും (പുഷ് ബാക്ക്) ഭക്ഷണം വച്ചു കഴിക്കാനും (ഫുഡ് ട്രേ) വെള്ളക്കുപ്പികൾ വയ്ക്കാനുമുള്ള (ബോട്ടിൽ ഹോൾഡർ) സംവിധാനങ്ങൾ ഇല്ലായെന്നതാണ് പ്രധാന പരാതി.
മൂന്ന് എസി ചെയർ കാർ കോച്ചുകൾ, 16 ചെയർ കാറുകൾ, ഒരു രണ്ടാം ക്ലാസ് കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ജനശതാബ്ദി എക്‌സ്പ്രസില്‍ ഉളളത്. പരമ്പരാഗത ജനശതാബ്ദി കോച്ചിനെ മാറ്റിയാണ് അടുത്തിടെ എൽഎച്ച്ബി കോച്ചുകൾ അവതരിപ്പിച്ചത്. സുരക്ഷ വർദ്ധിപ്പിക്കാനും വൈബ്രേഷനും ശബ്ദവും കുറയ്ക്കാനും സാധിക്കും എന്നതാണ് എൽഎച്ച്ബി കോച്ചുകളുടെ പ്രത്യേകത. ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത എല്‍എച്ച്ബി കോച്ചുകൾ കൂടുതൽ സുരക്ഷിതമായ യാത്രാനുഭവമാണ് നൽകുക. സ്റ്റീലിൽ നിർമ്മിച്ച ഈ കോച്ചുകൾ സാധാരണ കോച്ചുകളേക്കാൾ ഭാരം കുറഞ്ഞവയാണ്. പക്ഷെ യാത്ര ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ കോച്ചുകളുടെ ഈ മെച്ചങ്ങള്‍ നികത്താന്‍ പര്യാപ്തമല്ലെന്നാണ് യാത്രക്കാർ പറയുന്നത്.
ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമ്മിക്കുന്നില്ല. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്. മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞു. എന്നാൽ, വേണാട് എക്സ്പ്രസിലെ പോലുള്ള കോച്ചുകൾ കിട്ടിയാൽ മതിയെന്ന് യാത്രക്കാർ പറയുന്നു.
0 Comments