മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ, കേരള കോൺഗ്രസിനെ ഒന്നിലൊതുക്കി.തിരു.: ഇന്നലെ മുതൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിൽ 22 അംഗങ്ങളുള്ള മുസ്ലിം ലീഗ് ചോദിച്ച അഞ്ച് മന്ത്രി സ്ഥാനങ്ങളും നൽകിയപ്പോൾ, രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടു കൊടുക്കുകയും മത്സരിച്ച ബാക്കിയുള്ള എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച കേരള കോൺഗ്രസിനെ ഒരു മന്ത്രിയിൽ ഒതുക്കി. കോൺഗ്രസിന് വിട്ടുകൊടുത്ത രണ്ട് സീറ്റിലും വിജയിക്കുകയും ചെയ്തിരുന്നു. ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷസ്ഥനവും മുസ്ലിം ലീഗിനായിരിക്കും.
മൂന്ന് അംഗങ്ങളുളള ആർഎസ്പിയ്ക്കും ഓരോ അംഗം വീതമുള്ള സിഎംപിയ്ക്കും കേരളാ കോൺഗ്രസ് ജേക്കബിനും ഓരോ മന്ത്രിമാരെ ലഭിച്ചപ്പോൾ, ഒരംഗം വീതമുള്ള മാണി സി. കാപ്പനും കെ.കെ. രമയ്ക്കും മന്ത്രിസ്ഥാനമില്ല. ക്യാബിനറ്റ് പദവിയോടെ കേരളാ കോൺഗ്രസിൻ്റെ തോമസ് ഉണ്ണിയാടൻ ചീഫ് വിപ്പ് ആകും.
യുഡിഎഫ് പക്ഷത്തെ മുതിർന്ന അംഗവും ആഭ്യന്തര വകുപ്പ് ഉൾപ്പടെ കൈകാര്യം ചെയ്തു പരിചയ സമ്പന്നനായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ കസേരയിൽ തളച്ചു. ഏറെ പ്രതീക്ഷിച്ച ചാണ്ടി ഉമ്മനും വയനാട്ടിൽ നിന്നുള്ള ഐ.സി. ബാലകൃഷ്ണനും മുതിർന്ന നേതാവ് എൻ. ശക്തനും മന്ത്രിസഭയിൽ ഇല്ല. മന്ത്രിസഭയിലെ മുഖ്യമന്ത്രി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഒഴികെയുള്ള എല്ലാവരും കെസി പക്ഷക്കാരാണ്. ഘടക കക്ഷികളുടെ പിന്തുണ സതീശനുണ്ട്. എന്നാൽ, ചെന്നിത്തല തികച്ചും ഒറ്റയാനായി.
മുസ്ലിം ലീഗിൻ്റെ അഞ്ച് മന്ത്രിമാരെ കൂടാതെ കോൺഗ്രസിലെ ടി. സിദ്ദിഖ് ഉൾപ്പടെ ആറ് മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും മുസ്ലിം വിഭാഗത്തിന് ലഭിച്ചു. പട്ടിക വിഭാഗത്തിൽ നിന്നും രണ്ടു പേരും ഈഴവ വിഭാഗത്തിൽ നിന്നും മൂന്ന് പേരും മന്ത്രിമാരാകും. വിവിധ കൃസ്‌ത്യൻ വിഭാഗങ്ങളിൽ നിന്നായി ആറ് പേർ മന്ത്രിമാരാകും. മുഖ്യമന്ത്രിയും സ്പീക്കറും ഉൾപ്പടെ അഞ്ച് പേരാണ് നായർ വിഭാഗത്തിൽ നിന്നുമുള്ളത്. ഡപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ മൂന്ന് വനിതകളും ഭരണ സാരഥ്യത്തിലുണ്ടാകും. മുഖ്യമന്ത്രി ഉൾപ്പടെ 14 പേർ പുതുമുഖങ്ങളാണ്.
മുസ്ലിം ലീഗ് ടേം വ്യവസ്ഥയിൽ രണ്ടര വർഷത്തിന് ശേഷം കോഴിക്കോട് നിന്നും പാറക്കൽ അബ്ദുല്ല ആറാമത്തെ മന്ത്രിയാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നവരെ പ്രഖ്യാപിച്ചത്. രണ്ടര വർഷം കഴിഞ്ഞാൽ പാറയ്ക്കൽ അബ്ദുള്ള കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായി മന്ത്രിപദവിയിലേക്ക് എത്തും. ആരെ മാറ്റിയ ശേഷമാകും പകരം പാറക്കൽ അബ്ദുള്ള മന്ത്രി ആകുക എന്നത് വ്യക്തമാക്കിയിട്ടില്ല.
0 Comments