മിൽമ പാലിനും തൈരിനും നാളെ മുതൽ വില കൂടും.തിരു.: നാളെ മുതൽ മിൽമ പാലിന്റെയും തൈരിന്റെയും വില വർദ്ധനവ് പ്രാബല്യത്തിൽ വരും. 3.35 രൂപ കർഷകന് ലഭിക്കുന്ന രീതിയിലാണ് വില വർദ്ധനവ്. പാൽ ഉത്പന്നങ്ങൾക്കും വില വർദ്ധിക്കും. പാലിന് ഒരു ലിറ്ററിന് നാല് രൂപയും തൈരിന് കിലോഗ്രാമിന് 10 രൂപ വീതവുമാണ് വർദ്ധനവ്. നിലവിൽ പാൽ കവറുകളിൽ പഴയ വിലയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും ഒടുവിൽ മിൽമ പാലിന് വില വർദ്ധിപ്പിച്ചത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ആറ് രൂപയാണ് ലിറ്ററിന് വർദ്ധിപ്പിച്ചത്. ക്ഷീരകർഷകരുടെ ചെലവ് വർദ്ധിച്ച സാഹചര്യത്തിലാണ് പാലിന് വില കൂട്ടുന്നതെന്ന് മിൽമ അറിയിച്ചു. പാൽ ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കുമ്പോൾ മൊത്തം വർദ്ധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്ക് ലഭിക്കുമെന്ന് മിൽമ വ്യക്തമാക്കി.
ഡബിൾ ടോൺഡ് മിൽക്ക് (500 മില്ലി – മിൽമ സ്മാർട്ട്) – മഞ്ഞ കവർ : 27 രൂപ (25 രൂപ), ഹോമോജനൈസ്ഡ് ടോൺഡ് മിൽക്ക് (525 മില്ലി) – നീല കവർ : 30 രൂപ (28 രൂപ), മിൽമ പ്രൈഡ് (500 മില്ലി – ഹോമോജനൈസ്ഡ്) – ഓറഞ്ച് കവർ : 30 രൂപ (28 രൂപ), മിൽമ റിച്ച് സ്റ്റാൻഡേർഡ് മിൽക്ക് (500 മില്ലി – ഹോമോജനൈസ്ഡ്) – പച്ച കവർ : 32 രൂപ (29 രൂപ), കൗ മിൽക്ക് – ഒരു ലിറ്റർ ബോട്ടിൽ : 75 രൂപ (70 രൂപ), തൈര് ക്ലാസിക് (525 ഗ്രാം) : 40 രൂപ (35 രൂപ), തൈര് എലൈറ്റ് (500 ഗ്രാം) : 45 രൂപ (40 രൂപ) എന്നിങ്ങനെയാണ് പുതിയ വില. നിലവിലെ വിലയാണ് ബ്രാക്കിലുള്ളത്.
കടുത്ത വരൾച്ചയും അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പാലിന്റെ വില ഗണ്യമായി വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ മേഖല യൂണിയനുകൾക്ക് പാൽ വിൽപ്പനയിൽ നഷ്ടം സംഭവിക്കുന്നുണ്ട്. പാൽ ഉൽപ്പാദന ചെലവ് ഏറിയതിനാലും വരുമാനം കുറഞ്ഞതിനാലും കേരളത്തിലെ ക്ഷീരകർഷകർ പ്രയാസങ്ങൾ നേരിടുന്നുണ്ട്. ഉത്പാദനോപാധികളുടെ ഗണ്യമായ വില വർദ്ധനവ് കണക്കിലെടുത്തും ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിനും പാൽ വില വർദ്ധനവ് അത്യന്തം അനിവാര്യമാണ് - മിൽമ പ്രസ്താവനയിൽ നേരത്തെ അറിയിച്ചിരുന്നു.
0 Comments