വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.തിരു.: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വടക്കൻ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴയുടെ ശക്തി വർദ്ധിക്കുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കനത്ത മഴയുടെ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുഴകൾ, തോടുകൾ, ഡാമുകൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ഇറങ്ങുകയോ ഒഴുക്കുള്ള പാലങ്ങൾ കടക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വെള്ളക്കെട്ട് രൂപപ്പെട്ട അടിപ്പാതകളിലൂടെയും യാത്ര ഒഴിവാക്കണം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ അധികൃതർ നിർദ്ദേശിച്ചാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റുകയും വാഹനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും വേണം.
ഇടിമിന്നലും കാറ്റും ശക്തമാകുന്ന സാഹചര്യത്തിൽ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവയിൽ തൊടുകയോ സമീപിക്കുകയോ ചെയ്യരുത്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെഎസ്ഇബിയെ അറിയിക്കണം. ഇടിമിന്നലുള്ള സമയങ്ങളിൽ ടിവി, ഫ്രിഡ്ജ് തുടങ്ങിയ വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുന്നതും സുരക്ഷിതമാണ്.
0 Comments