
ന്യൂദല്‍ഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യവിജയം ബിജെപിക്ക്. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശം ചെയ്തവര്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെ മറ്റു സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് മുന്നേ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റെ നിലേശ് കുംഭാണിയുടെ പത്രികയാണ് നാമനിര്‍ദ്ദേശം ചെയ്ത മൂന്ന് വോട്ടര്‍മാരും പിന്മാറിയതിനെ തുടര്‍ന്ന് തള്ളിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ര്ഥിയുടെ പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് സൂക്ഷ്മപരിശോധനാ ദിവസമായ ശനിയാഴ്ച നാമനിര്‍ദ്ദേശം ചെയ്തവര്‍ നേരിട്ട് വരണാധികാരിക്ക് സത്യവാങ്മൂലം നല്‍കുകയായിരുന്നു. പകരക്കാരന്റെ പത്രികയും ഇതേ കാരണത്താല്‍ കഴിഞ്ഞ ദിവസം തന്നെ തള്ളിയിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയായ സുരേഷ് പഡസലയെ നിര്‍ദ്ദേശിച്ച ഒരാളും ഇതുപോലെ സത്യവാങ്മൂലം കൊടുത്തു. പത്രികകള്‍ തള്ളണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഏജന്റ് പരാതി നല്‍കിയിരുന്നു. നാമനിര്‍ദ്ദേശകരെ ഹാജരാക്കാനോ തൃപ്തികരമായ വിശദീകരണം നല്‍കാനോ കഴിയാത്തതിനാല്‍ ഇരുവരുടെയും പത്രിക തള്ളിയതായി ഞായറാഴ്ച വരണാധികാരി അറിയിച്ചു. നാമനിര്‍ദ്ദേശകരില്‍ ഒരാള്‍ കുംഭാണിയുടെ സഹോദരീ ഭര്‍ത്താവാണ്. സ്വതന്ത്രരടക്കമുള്ള ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
0 Comments