ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്; പ്രായോഗികമായ സത്യവാങ്മൂലം തിങ്കളാഴ്ച സമർപ്പിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ.
തിരു.: ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതില്‍ പ്രായോഗികമായ സത്യവാങ്മൂലം തിങ്കളാഴ്ച വനംവകുപ്പ് സുപ്രീം കോടതിയില്‍ സമർപ്പിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.
കഴിഞ്ഞ കുറെ മാസങ്ങളായി ഉത്സവസ്ഥലങ്ങളില്‍ ആനകള്‍ ഇടയുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് ആനപ്രേമികളുടെ വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചു സത്യവാങ്മൂലം സമർപ്പിക്കണമെന്നു പറഞ്ഞതിനാലാണ് സുപ്രീം കോടതിയില്‍ പെട്ടെന്നുതന്നെ സത്യവാങ്മൂലം സമർപ്പിച്ചത്. കോടതിയില്‍ നിന്നും സർക്കാരിനെതിരെ പരാമർശങ്ങൾ ഉണ്ടാകാതിരിക്കാനാണ് ധൃതിപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിലെ നിബന്ധനകളില്‍ അപ്രായോഗികമായ നിർദ്ദേശങ്ങളാണെന്ന് വനംവകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. ആനകള്‍ തമ്മിലുള്ള അകലം അമ്പതു മീറ്റർ വേണമെന്നാണ് അതിലൊന്ന്. ഒന്നോ രണ്ടോ ആനകള്‍ ഉള്ള ഉത്സവസ്ഥലങ്ങളില്‍ ഇതു നടപ്പാക്കാം. തൃശൂർപൂരം പോലെയുള്ള വലിയ പൂരങ്ങള്‍ക്ക് അമ്പതു മീറ്റർ അകലത്തില്‍ ആനകളെ നിർത്താൻ കഴിയില്ല. ഉത്സവങ്ങള്‍ പരമ്പരാഗതമായി നടത്താനുള്ള ജനങ്ങളുടെ ആവശ്യവും ഇതിനൊപ്പം നാട്ടാനകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതുമുണ്ട്. ദേവസ്വം മന്ത്രിയും മറ്റു മന്ത്രിമാരും ഈ പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്സവം നടത്തുന്നവർക്കുള്ള പ്രയാസങ്ങള്‍ ലഘൂകരിച്ചു കൊണ്ടുള്ള സത്യവാങ്മൂലമാണ് രണ്ടാമത് സമർപ്പിച്ചിട്ടുള്ളത്. ജനങ്ങളുടെ ആവശ്യങ്ങളും വന്യമൃഗനിയമങ്ങളും തമ്മില്‍ വലിയ അകലമുണ്ട്. ഈ വൈരുദ്ധ്യങ്ങള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രതിഷേധങ്ങള്‍ തെറ്റാണെന്ന നിലപാട് ഇതുവരെ സർക്കാർ സ്വീകരിച്ചിട്ടില്ല. പക്ഷേ, അതിരുവിടാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയോര മേഖലകളില്‍ അസാധാരണ സാഹചര്യങ്ങളാണ് നേരിടേണ്ടി വരുന്നത്. വന്യജീവി സംരക്ഷണ നിയമം കേന്ദ്രനിയമമാണ്. അതുകൊണ്ടു തന്നെ കാട്ടില്‍ നിന്നും ഇറങ്ങി വരുന്ന മൃഗങ്ങളെ കൊല്ലാൻ നിരവധി ചട്ടങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും സംസ്ഥാന സർക്കാരിന് മാത്രം ഇക്കാര്യത്തില്‍ അനുമതി നല്‍കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
0 Comments