സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി.
മലപ്പുറം: സുപ്രീം കോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്‍റെ രാജ്യസഭാ സ്ഥാനാർത്ഥി. ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
ഉച്ചകഴിഞ്ഞ് മൂന്നിന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെടുത്തതെന്നും രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, പാർട്ടി തന്നെ ഏല്പിച്ച വിശ്വാസം നിറവേറ്റുമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഹാരിസ് ബീരാൻ പ്രതികരിച്ചു. ഇതില്‍ ജയിക്കുന്നതോടെ പി.വി. അബ്ദുല്‍ വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. ലോക്‌സഭയിലെ മൂന്നുപേരടക്കം ലീഗ് എംപിമാരുടെ എണ്ണം അഞ്ചാകും.
സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാൻ കാൽ നൂറ്റാണ്ട് കാലമായി രാജ്യതലസ്ഥാനത്ത് സ്ഥിര താമസമാക്കി ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനും നിയമ പരിരക്ഷക്കുമായി പ്രവർത്തിക്കുന്നു. പൗരത്വ ഭേദഗതി നിയമം പോലെയുള്ള സുപ്രധാന വിഷയങ്ങളിൽ മുസ്‌ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ ഹാരിസ് ബീരാൻ എംഎസ്എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എംഎസ്എഫിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഹാരിസ് 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2011 മുതൽ ഡൽഹി കെഎംസിസി പ്രസിഡന്റാണ്. ദേശീയതലത്തിൽ മുസ്‌ലിം ലീഗിന്റെ സംഘാടനത്തിന് വേണ്ടിയും ദേശീയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹാരിസ് രംഗത്തുണ്ട്. ഡൽഹി കലാപം ഉൾപ്പെടെ നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരകൾക്ക് സാന്ത്വനമെത്തിക്കുന്നതിനും മുന്നിൽ നിന്ന് പ്രവർത്തിച്ചിചിട്ടുണ്ട്ണ്ട്. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് പ്രവർത്തിച്ചു. ഡൽഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വം ഉപകരിക്കും. ആൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നു. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പിതാവ് അഡ്വ. വി.കെ. ബീരാൻ ബാബരി മസ്ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്ധനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലും സി.എച്ച്. മുഹമ്മദ് കോയ പോലുള്ള മുസ്‌ലിംലീഗ് നേതാക്കളുടെ ആത്മ സുഹൃത്തുമാണ്. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവ്വകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ മജ്ദ ത്വഹാനി. മക്കൾ അൽ റയ്യാൻ, അർമാൻ.
0 Comments