Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ.

കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ.



കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അതിവേഗ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളുടെ പാർക്കിംഗ് ഏരിയകളിലാണ് ഇവ പ്രവർത്തിക്കുന്നത്. ഓരോ സ്റ്റേഷനുകളിലും  60 കിലോവാട്ട്  ഇവി ഡിസി ഫാസ്റ്റ് ചാർജറുകളുടെ രണ്ട് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകളിൽ ഓരോന്നിലും  ഒരേസമയം നാല് ഇലക്ട്രിക് വാഹനങ്ങൾ വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.  പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പിന്തുണയ്ക്കുന്നതിനും യാത്രക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള സിയാലിൻ്റെ ശ്രമങ്ങളുടെ  ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
      രണ്ട് ചാർജിങ് സ്റ്റേഷനുകളിലായി 60 കിലോവാട്ട് ഇവി ഡിസി  ഫാസ്റ്റ് ചാർജറിൻ്റെ 4 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.   രണ്ട് ടെർമിനലുകളിലുമായി ഒരേ സമയം 8  വാഹനങ്ങൾ ഒരുമിച്ച്  ചാർജ് ചെയ്യാം. ചാർജ് മോഡ് എന്ന ചാർജിങ് ആപ്പ് മുഖേനയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടതും തുക അടയ്‌ക്കേണ്ടതും. ഉപഭോക്താക്കൾക്ക് താല്പര്യമുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ആപ്പ് വഴി ഒരുക്കിയിട്ടുണ്ട്. 
      "സിയാലിലെ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ  പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം വളർത്തുന്നതിനും മികച്ച വിമാനത്താവള  അനുഭവം സാധ്യമാക്കുന്നതിനും സഹായകമാകും" - സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐഎഎസ് പറഞ്ഞു. "പരിസ്ഥിതി സൗഹൃദ  യാത്രകളെ പ്രോത്സാഹിപ്പിക്കാനും   ഹരിതോർജ്ജ വിനിയോഗത്തിലൂടെ സുസ്ഥിരമായ  ഭാവിയിലേയ്ക്ക് വഴിയൊരുക്കാനും സിയാൽ  പ്രതിജ്ഞാബദ്ധമാണ്.   ആധുനികവൽക്കരണത്തോടൊപ്പം സുസ്ഥിരമായ വികസനമാണ് സിയാൽ എന്നും ഉറപ്പ് വരുത്തുന്നത്.  ഗ്രീൻ  ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ബിപിസിഎല്ലുമായുള്ള സംയുക്ത സംരംഭം  സുസ്ഥിരമായ ഭാവിയിലേക്കുള്ള മറ്റൊരു നാഴികക്കല്ലാണ്.  അതിന്റെ ഭാഗമായി, സമീപഭാവിയിൽ തന്നെ  ഒരു ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ ആരംഭിക്കാനും സിയാലിന് പദ്ധതിയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
     രാജ്യാന്തര, ആഭ്യന്തര പാർക്കിംഗ് സ്റ്റേഷനുകളിൽ ഒരേ സമയം 2800 കാറുകൾ പാർക്ക് ചെയ്യാനാകും. 600 കാറുകൾക്ക് കൂടി പാർക്ക് ചെയ്യാനുള്ള സൗകര്യം സജ്ജമായി വരുന്നു. പാർക്കിംഗ് സ്ഥലത്തെ മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കാർപോർട്ടിൽ നിന്ന് മാത്രം സിയാലിന് പ്രതിദിനം 20,000 യൂണിറ്റോളം വൈദ്യുതി ലഭിക്കും. ഫാസ്റ്റ് ടാഗ് ഉൾപ്പെടെയുള്ള സ്മാർട്ട് പാർക്കിംഗ് സംവിധാനം ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് എല്ലാവിധ ആധുനിക സജ്ജീകരണങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഇവി സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. 

Post a Comment

0 Comments

Ad Code

Responsive Advertisement