Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെകെ റോഡിൻ്റെ ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം.

കെകെ റോഡിൻ്റെ ദിശ മാറിയിട്ട് ഇന്ന് നൂറ് വർഷം.

 തോട്ടാപ്പുര ഇപ്പോൾ



പീരുമേട് : ആയില്യം തിരുനാൾ മഹാരാജാവ് നിർമ്മിച്ച കോട്ടയം-കുമളി റോഡ് ദിശ മാറിയിട്ട് നൂറ് വർഷം. വളഞ്ഞാങ്കാനാത്തു നിന്ന് പീരുമേട് വരെയുള്ള ഭാഗങ്ങളിലെ രണ്ട് പാലങ്ങൾ '99ലെ' (1924)  വെള്ളപ്പൊക്കത്തിൽ തകർന്നതിനെ തുടർന്നാണ്, പിന്നീട് കുട്ടിക്കാനം വഴി റോഡ് മാറിയത്. ഇപ്പോൾ കൊട്ടാരക്കര ദിണ്ടിക്കൽ എൻഎച്ച് 183 എന്നറിയപ്പെടുന്ന റോഡ് മുമ്പ് കോട്ടയം - കുമളി (കെകെ) റോഡ് ആയിരുന്നു.  

      അന്ന് (1924ൽ) ഒരാഴ്ച പെയ്ത 591.3 മില്ലി മീറ്റർ മഴ എന്ന റിക്കാർഡ് ഒരു നൂറ്റാണ്ട് ആയിട്ടും ഭേദിക്കപ്പെട്ടിട്ടില്ല. സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയരമുള്ള പീരുമേട്ടിലെ കനത്ത മഴ മൂലമാണ് കെകെ റോഡിലെ രണ്ട് പാലങ്ങൾ തകർന്നത്. മൂന്നാറിൽ ഡാം തകർന്ന് വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചു. മൂന്നാറിൽ ഇപ്പോൾ ടോപ്പ് സ്റ്റേഷൻ എന്നറിയപ്പെടുന്ന സ്ഥലത്തുണ്ടായിരുന്ന റെയിൽവേ സ്റ്റേഷൻ ഉൾപ്പടെ തകർന്നു.

       കെകെ റോഡിൻ്റെ നിർമ്മാണം പിന്നീട് പുനരാരംഭിച്ചെങ്കിലും ഇൻഡ്യ - പാക്ക് യുദ്ധകാലത്ത് നിർത്തിവയ്ക്കുകയുണ്ടായി. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പൊതുമരാമത്ത് ജോലി ടെൻ്റർ ചെയ്ത് ആരംഭിച്ചുവെങ്കിലും വനം വകുപ്പിൻ്റെ തടസ്സവാദം മൂലം വീണ്ടും നിലയ്ക്കുകയായിരുന്നു. അന്ന് റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിച്ച തോട്ടാപ്പുര ഇപ്പോൾ ചരിത്രത്തിൽ നിന്ന് മാഞ്ഞു തുടങ്ങി. "വളഞ്ഞാങ്കാനം വെള്ളച്ചാട്ടം" ആയിരുന്നു ഒന്നാം പാലമെന്ന് അന്ന് അറിയപ്പെട്ടിരുന്നത്, രണ്ടാം പാലവും മൂന്നാം പാലവും എന്നറിയപ്പെട്ടിരുന്ന രണ്ട് പാലങ്ങൾ തോട്ടപ്പുരക്കും വളഞ്ഞാങ്കാനത്തിനും ഇടയ്ക്കായിരുന്നു. വളഞ്ഞാങ്കാനത്തു നിന്ന് പീരുമേട് വരെ നാല് കിലോമീറ്റർ മാത്രമായിരുന്നു ദൈർഘ്യം. രാജാവിൻ്റെ വസതി കുട്ടിക്കാനത്ത് ആയതിനാലും പീരുമേട് - ദേവികുളം (പി ഡി) റോഡ് ഉപയോഗപ്പെടുത്തി തുടങ്ങിയതുമാണ്, കെകെ റോഡിൻ്റെ ഗതി മാറേണ്ടി വന്നത്. എന്നാൽ, ടെക്നോളജി വികസിച്ച ഇക്കാലത്ത് ഈ റോഡ് ഉപയോഗപ്പെടുത്തി ദേശീയപാത 183 ആക്കിയാൽ സമയലാഭവും ഇന്ധനലാഭവും ഏറെയുണ്ടാകുമെന്ന് അഭിപ്രായമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement