54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം കാതല്‍, ആടുജീവിതത്തിന് 9 അവാർഡുകൾ.
തിരു.: 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. കാതൽ ആണ് മികച്ച ചിത്രം. അഭിനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ.ആർ. ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍) എന്നിവരാണവർ. ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്). മികച്ച നടനായി പൃഥ്വിരാജ് സുകുമാരനും (ആടുജീവിതം) മികച്ച നടിമാരായി - ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ബ്ലെസി (ആടുജീവിതം) ആണ്.
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആടുജീവിതം), മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർ, മികച്ച പിന്നണിഗായിക - ആൻ ആമി, കലാസംവിധായകൻ - മോഹൻദാസ് (2018), മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ് (ചാവേർ), മികച്ച പശ്ചാത്തല സംഗീതം - മാത്യൂസ് പുളിക്കല്‍ (കാതല്‍), മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ), മികച്ച അവലംബിത തിരക്കഥ - ആടുജീവിതം (ബ്ലെസി), മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി. കൃഷ്ണൻ (ഇരട്ട), മികച്ച കഥാകൃത്ത് - ആദർശ് സുകുമാരൻ (കാതല്‍), മികച്ച ബാലതാരം (പെണ്‍) - തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ), മികച്ച ബാലതാരം (ആണ്‍) - അവ്യുക്ത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും), മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ), മികച്ച സ്വഭാവനടൻ - വിജയരാഘവൻ (പൂക്കാലം) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയായിരുന്നു ജൂറി അദ്ധ്യക്ഷന്‍. പ്രിയനന്ദനന്‍, അഴകപ്പന്‍ എന്നിവരാണ് പ്രാഥമിക ജൂറി അദ്ധ്യക്ഷന്‍മാര്‍. ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്. കഴക്കൂട്ടത്തെ ചലച്ചിത്ര അക്കാദമിയുടെ രണ്ട് സ്റ്റുഡിയോകളിലാണ് ഇത്തവണയും പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. 2023ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് അവാര്‍ഡിനായി പരിഗണിച്ചത്.
2018, ആടുജീവിതം, കണ്ണൂര്‍ സ്‌ക്വാഡ്, ഉള്ളൊഴുക്ക് ഉള്‍പ്പെടെ ഒരു ഡസനിലേറെ ചിത്രങ്ങള്‍ മികച്ച ചിത്രത്തിനുള്ള പട്ടികയില്‍ പരിഗണിക്കപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ 150 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. രണ്ടാം ഘട്ടത്തില്‍ അത് 38 ആയി ചുരുങ്ങി. പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട പല ചിത്രങ്ങളും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. നവാഗതരുടെ 22 ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്.
0 Comments