Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന്.

വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന്.
തിരു.: സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി. സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയില്‍ നടക്കും. രാവിലെ ഒമ്പതിന് ഗവർണ്ണർ സഭയെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ യുഡിഎഫ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ യാഥാർത്ഥ്യമാക്കാനുള്ള സർക്കാരിന്റെ നയരേഖയാകും ഇന്നത്തെ പ്രസംഗം. രാവിലെ 8.55ഓടെ സഭയിലെത്തുന്ന ഗവർണ്ണറെ മുഖ്യമന്ത്രി വി.ഡി. സതീശനും പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫും ചേർന്ന് സ്വീകരിക്കും.
       കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതും ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുന്നതുമടക്കമുള്ള ഇന്ദിരാ ഗ്യാരന്റികള്‍ക്ക് പ്രസംഗത്തില്‍ വലിയ ഊന്നല്‍ ലഭിക്കുമെന്നാണ് വിവരം. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പുതുതായി രൂപീകരിച്ച വയോജന വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങളും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കും.
       മുൻ സർക്കാർ വിഭാവനം ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്ത സില്‍വർ ലൈൻ അർദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് പകരം പുതിയൊരു യാത്രാ സംവിധാനം സർക്കാർ മുന്നോട്ടു വെക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങളും നയപ്രഖ്യാപനത്തില്‍ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചർച്ചയാണ്.
       ദേശീയപാത വികസനം വേഗത്തില്‍ പൂർത്തിയാക്കല്‍, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ തുടർപ്രവർത്തനങ്ങള്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കല്‍ എന്നിവയും നയപ്രഖ്യാപന പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളാകും. വരും ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ നിയമസഭയില്‍ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement