കേരളത്തിന്റെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥൻ.തിരു.: മൂന്നു മാസമായി ഒഴിഞ്ഞു കിടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മമീഷണർ പദവിയിലേക്ക് വിരമിച്ച ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിച്ചു. അദ്ദേഹത്തെ നിയമിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണ്ണർ ഒപ്പുവെച്ചു. കഴിഞ്ഞ മാർച്ച് 30ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനം.
ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന ആരോപണവുമായി കോൺഗ്രസിലെ ചില നേതാക്കൾ രംഗത്തെത്തിയിരുന്നു. ഭരണമുന്നണിയിൽപ്പോലും ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഗവർണ്ണറുടെ ഈ നിർണ്ണായക തീരുമാനം.
മാർച്ച് 30ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനു ശേഷം മൂന്നു മാസത്തോളമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
ചവറ കുടുംബക്കോടതി ജഡ്ജി
ആയിരുന്ന കെ.ജി. സനൽകുമാറിനെ കമ്മീഷണറായി നിയമിക്കാൻ മുൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, ജഡ്ജിയായിരിക്കേ നിയമനത്തിന് ഹൈക്കോടതിയുടെ അനുമതി തേടിയില്ലെന്ന വിമർശനമുയർത്തി ഗവർണ്ണർ നിയമനാനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിക്കുന്നത്.
എറണാകുളം സ്വദേശിയാണ് ശേഷാദ്രിനാഥൻ. 2018 ഫെബ്രുവരിയിലാണ് ജില്ലാ ജഡ്ജിയാകുന്നത്. കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി.), എറണാകുളം അഡിഷണൽ ജില്ലാ ജഡ്ജി, തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് കേരള സഹകരണ ട്രിബ്യൂണൽ, കൊച്ചിയിലെ സ്പെഷ്യൽ ജഡ്ജി (എൻ.ഐ.എ./സി.ബി.ഐ.), കവരത്തി ജില്ലാ ജഡ്ജി എന്നിങ്ങനെ പ്രവർത്തിച്ചു. 1990 ജനുവരി 13നാണ് അഭിഭാഷകനായി എന്റോൾ ചെയ്തത്. 2000ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. 2026 മേയ് 31ന് ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിച്ചു. സേവനകാലാവധി നീട്ടിക്കിട്ടിയതിനെത്തുടർന്ന് ഇരിങ്ങാലക്കുട കുടുംബക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിരുന്നു.
0 Comments