കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
കന്യാകുമാരി: കടലിലിറങ്ങിയ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രാജാക്കമംഗലം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയ ട്രിച്ചി എസ്ആർഎം കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത്.
സഹപാഠിയുടെ സഹോദരന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. മരിച്ച അഞ്ച് വിദ്യാർത്ഥികളും എസ്ആർഎം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. മരിച്ചവരിൽ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു. ഒരാൾ ആന്ധ്രാപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥിയും മറ്റ് നാല് പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്, എല്ലാവരും 23-24 വയസ് പ്രായമുള്ളവരാണ്.
അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കന്യാകുമാരിയിലെ സൂര്യോദയം കണ്ടതിന് ശേഷം പന്ത്രണ്ടോളം മെഡിക്കൽ വിദ്യാർത്ഥികൾ രാജാക്കമംഗലം ലെമൂർ ബീച്ചിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഉയർന്ന വേലിയേറ്റം ഉണ്ടായിരുന്നു, അതിനാൽ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവർക്ക് കടലിലേയ്ക്ക് അധികം ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് വിദ്യാർത്ഥികൾ കടലിലേയ്ക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് ശക്തമായ തിരമാലയിൽ വിദ്യാർത്ഥികൾ അകപ്പെടുകയായിരുന്നു. അപകടത്തിപ്പെട്ട രണ്ടു പേരെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. രക്ഷപ്പെടുത്തിയവരിൽ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
കടൽ പ്രക്ഷുബ്ധമായതിനാൽ കന്യാകുമാരി, തിരുനെൽവേലി, രാമനാഥപുരം, തൂത്തുക്കുടി ഉൾപ്പെടെ ദക്ഷിണേന്ത്യമിലെ പല തീരപ്രദേശങ്ങളിലും ഞായറാഴ്ച അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിരുന്നു. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ 0.5 മീറ്റർ മുതൽ 1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. കടൽ പ്രക്ഷുബ്ധമായതിനാൽ മീൻപിടുത്തം ഒഴിവാക്കാനും മൽസ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നല്കിയിരുന്നു. ഇത് അവഗണിച്ചാണ് വിദ്യാർത്ഥികൾ കടലിലിറങ്ങിയത്.
0 Comments