Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദർ തെരേസയുടെ കോട്ടയം കേന്ദ്രം അടച്ചു; സന്ന്യാസിനിമാർ മടങ്ങി.

മദർ തെരേസയുടെ കോട്ടയം കേന്ദ്രം അടച്ചു; സന്ന്യാസിനിമാർ മടങ്ങി.



കോട്ടയം: ഇനി കോട്ടയത്തിന്റെ സങ്കടങ്ങൾക്ക് മേൽ സാന്ത്വനം വെച്ചുകെട്ടാൻ മദർ തെരേസയുടെ പിൻഗാമികൾ ഉണ്ടാകില്ല. സ്ഥലപരിമിതികളുടെ അസൗകര്യങ്ങളിൽ നിസ്സഹായരായതോടെ സ്നേഹവും പരിചരണവും നൽകി 50 വർഷം കോട്ടയത്തിന് ഒപ്പമുണ്ടായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസസമൂഹം കോട്ടയത്തെ സ്നേഹവാതിലുകൾ എന്നെന്നേക്കുമായി പൂട്ടി പടിയിറങ്ങി. അഭയഭവനിലെ 58 അന്തേവാസികളെ മറ്റ് സുരക്ഷായിടങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതോടെ 1974ൽ മദർ തെരേസ കോട്ടയത്ത് നേരിട്ടെത്തി കീഴ്ക്കുന്നിൽ തുറന്ന അഭയ ഭവനത്തിനാണ് പൂട്ട് വീണത്.

        ആയിരക്കണക്കിന് പേർക്ക് അഭയവും സംരക്ഷണവും നൽകിയ കോൺവെന്റിൽ നിലവിലെ എട്ട് സന്ന്യാസിനിമാർ വെള്ളിയാഴ്ച രാവിലെ യാത്രയായി. അഭയഭവൻ നടത്താനായി നൽകിയ കെട്ടിടത്തിന്റെ താക്കോൽ വിജയപുരം രൂപതയ്ക്കും കോൺവെന്റിലേത് ഉടമസ്ഥർക്കും കൈമാറി. അഭയഭവന് മുന്നിലെ രൂപക്കൂട്ടിലെ മദർ തെരേസയുടെ രൂപവും എടുത്ത് ഒരു പരസ്യ യാത്രപറച്ചിൽ കൂടി ഒഴിവാക്കി മടക്കം. 'ആരോടും ഒന്നും പറയാനില്ല' ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഒറ്റവാക്കിൽ അവർ പറയുന്നു.

        'എനിക്കിപ്പോൾ 50 വയസ്സ്. ഞാൻ ജനിച്ച വർഷമാണ് മദർ എത്തി എന്റെ വീടിന് തൊട്ട് ചേർന്ന് അഭയഭവനം തുടങ്ങിയത്. അന്നൊക്കെ അയൽപക്കക്കാർക്ക് വലിയ ദാരിദ്ര്യമാണ്. അവർ ഞങ്ങൾക്ക് ഭക്ഷണവും വസ്ത്രവും മരുന്നും തന്നു'.- ചിത്രകാരനും നാട്ടുകാരനുമായ സിബി പീറ്റർ പറയുന്നു.

        പകർച്ചവ്യാധി ഉൾപ്പെടെ ഏതുതരം അസുഖം ബാധിച്ചവരെയും ശുശ്രൂഷിച്ചു. സ്കൂൾ കുട്ടികൾക്ക് ബിസ്കറ്റും മെയ്സ് ഉപ്പുമാവും വയർ നിറച്ച് നൽകി. വീട്ടമ്മമാരെ തുന്നൽപ്പണി പോലുള്ള ജോലികൾ പരിശീലിപ്പിച്ചു. കറുത്ത തുണിസഞ്ചിയിൽ ഭിക്ഷ യാചിച്ച് കിട്ടുന്ന പണമാണ് സേവനത്തിനായി ഉപയോഗിച്ചിരുന്നതെന്ന് അഭയഭവന്റെ അയൽവാസികളായ സി.എം. സേവ്യറും കെ.ജി. ഷിബുവും ഓർക്കുന്നു.

        കോട്ടയത്ത് ആദ്യമായി മദർ തെരേസ എത്തുമ്പോൾ കൊൽക്കത്തയിലെ ആശ്രമത്തിന് സമീപം താമസിച്ചിരുന്ന റബ്ബർ വ്യാപാരി കഞ്ഞിക്കുഴി പാറമേൽ പി.എം. ജോസഫിന്റെ വീട്ടിലുമെത്തി. കോട്ടയത്ത് ജോസഫിന്റെ ഒരു വീട് കിട്ടിയാൽ കോൺവെന്റും അഭയഭവനും തുടങ്ങാമെന്നായി മദർ തെരേസ. അങ്ങനെ കോട്ടയത്ത് സേവനം തുടങ്ങി. ഇപ്പോൾ കഞ്ഞിക്കുഴി കൽക്കട്ട വീട്ടിലുള്ള ജോസഫിന്റെ മകൾ എസ്ബിഐ റിട്ട. സീനിയർ അസിസ്റ്റന്റ് ഫിലോമിന സൈമണും മകൻ അഡ്വ. ചാക്കോ സൈമണും മദറിന്റെ ഓർമ്മകൾ ഹൃദയത്തിലേറ്റുന്നു. കൊൽക്കത്തയിലെ കുട്ടിക്കാലം മുതൽ മദറുമായുണ്ടായിരുന്ന ബന്ധം അഭയഭവനിലൂടെ ഫിലോമിനയ്ക്കുണ്ട്. ചാക്കോയുടെ മകൻ രണ്ട് വയസ്സുകാരൻ സൈമൺ ചാക്കോ സൈമണിന്റെ രണ്ട് പിറന്നാളും ആഘോഷിച്ചത് അവർക്കൊപ്പമാണ്. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവ് സൈമൺ ജെയിംസിനൊപ്പവും കുറേനാൾ കൊൽക്കത്തയിലുണ്ടായിരുന്ന ഫിലോമിന, മദർ മരിക്കുന്നതിന് ആറ് മാസം മുമ്പും കണ്ടു. വിവാഹം കഴിഞ്ഞ് ഒൻപത് വർഷങ്ങൾക്ക് ശേഷം മദർ പറഞ്ഞതനുസരിച്ച് പ്രാർത്ഥിച്ച് കിട്ടിയ ആദ്യമകനെ അന്നേ മദറിനെ കാണിച്ചിരുന്നു. ആ ചിത്രം ഇപ്പോഴും ഇവർക്കൊപ്പമുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement