മൈനാഗപ്പള്ളിയിലെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി. കൊല്ലം: കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളി വില്ലേജിൽ കടപ്പാമുറിയിൽ കഴിഞ്ഞ ജൂൺ അഞ്ചിന് ദുരൂഹ സാഹചര്യത്തിൽ മരിച്ച ജോയ്കുട്ടിയുടെ മരണത്തിൽ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
ജോയ്കുട്ടിയുടെ മകളാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. മരണത്തിന് തൊട്ടുമുമ്പ് രാവിലെ എട്ടരയോടെ പിതാവ് തന്നെ ഫോണിൽ വിളിച്ച് നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, താൻ രാവിലെ 11 മണിയോടെ എത്താമെന്ന് അറിയിച്ചെങ്കിലും പിന്നീട് പിതാവിന്റെ മരണവാർത്തയാണ് ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.
മൃതദേഹം വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നാണ് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. തുടർന്ന് ശാസ്താംകോട്ട പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എന്നാൽ, ജോയ്കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും സാമ്പത്തിക ബാധ്യതകളോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. സ്ഥിരമായി തന്റെ ദിനചര്യകളും സംഭവങ്ങളും രേഖപ്പെടുത്താറുണ്ടായിരുന്ന വ്യക്തിഗത ഡയറി മരണശേഷം കാണാതായതായും പരാതിയിൽ പറയുന്നു. മരണം നടന്ന മുറിയിലെ ബാത്ത്റൂമിലേക്ക് ബന്ധുക്കൾക്ക് പ്രവേശനം അനുവദിച്ചില്ലെന്നതും കുടുംബം സംശയാസ്പദമായി കാണുന്നു. കൈവേദന കാരണം ഉയരത്തിൽ കൈ ഉയർത്തി കയർ കെട്ടാൻ പോലും പ്രയാസമുള്ള വ്യക്തിയാണ് ജോയ്കുട്ടിയെന്നും, കട്ടിലിലെ മെത്ത മടക്കി അതിന് മുകളിൽ കസേര വെച്ച് ഫാനിൽ കയർ കെട്ടി ആത്മഹത്യ ചെയ്തുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണത്തിൽ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയിട്ടും കസേരയ്ക്ക് സ്ഥാനചലനം ഉണ്ടായിരുന്നില്ലെന്നും മൃതദേഹം മുട്ടുകുത്തി പ്രാർത്ഥിക്കുന്നതു പോലുള്ള നിലയിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിന് മുമ്പ് കുടുംബത്തിലെ ചില ആഭ്യന്തര തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രത്യേകിച്ച് മകന്റെ ഭാര്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മരണസമയത്ത് മകന്റെ ഭാര്യ എവിടെയായിരുന്നുവെന്നതും ആദ്യം മൃതദേഹം കണ്ടത് ആരാണെന്നും അവർ വീട്ടിലെത്താൻ കാരണമെന്താണെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും പരാതിയിൽ പറയുന്നു.
ജോയ്കുട്ടിക്ക് മാസങ്ങളായി വീട്ടിൽ നിന്ന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും പുറത്തു നിന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, പോലീസിന് നൽകിയ മൊഴിയിൽ തലേദിവസം വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് രേഖപ്പെടുത്തിയതും സംശയത്തിന് ഇടയാക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ട അന്വേഷണം നിസാരവൽക്കരിച്ചുവെന്നും സംഭവസ്ഥലത്തെ നിർണ്ണായക തെളിവുകൾ സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമഗ്രവും നിഷ്പക്ഷവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി മരണത്തിന്റെ യഥാർത്ഥ കാരണം പുറത്തു കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ജോയ്കുട്ടിയുടെ മകളും ഭാര്യയുടെ സഹോദരന്റെ മകനായ ആന്റണി സുരേഷും ചേർന്നാണ് ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. സംഭവത്തിൽ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി ആക്ഷൻ കൗൺസിലും പ്രത്യേക പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
0 Comments