Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇനി കൈവിലങ്ങ് കൊടുംകുറ്റവാളികൾക്ക് മാത്രം; പോലീസിന് കർശന മാർഗ്ഗനിർദ്ദേശം

ഇനി കൈവിലങ്ങ് കൊടുംകുറ്റവാളികൾക്ക് മാത്രം; പോലീസിന് കർശന മാർഗ്ഗനിർദ്ദേശം.
തിരു.: പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോഴും കൈവിലങ്ങ് അണിയിക്കുന്നതിൽ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാനോ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉള്ള മാർഗ്ഗമായി കൈവിലങ്ങ് ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഡിജിപി പുതിയ സർക്കുലർ പുറപ്പെടുവിച്ചു.
       ഇനി മുതൽ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 13 പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കൊടുംകുറ്റവാളികൾക്ക് മാത്രമായിരിക്കും കൈവിലങ്ങ് ധരിപ്പിക്കുക. മറ്റുള്ളവരുടെ കാര്യത്തിൽ കൈവിലങ്ങിന്റെ ഉപയോഗം പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
        സ്ഥിരം കുറ്റവാളികൾ, കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ ചരിത്രമുള്ളവർ, സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ, അനധികൃതമായി ആയുധങ്ങളും വെടിമരുന്നുകളും കൈവശം വെച്ചവർ, കൊലപാതകക്കേസിലെ പ്രതികൾ, ബലാത്സംഗക്കേസ് പ്രതികൾ, ആസിഡ് ആക്രമണം നടത്തിയവർ, വ്യാജനോട്ട്, നാണയ നിർമ്മാണം നടത്തുന്നവർ, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തവർ, രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നീ 13 വിഭാഗങ്ങളിൽപെട്ട കുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ. 
       കൈവിലങ്ങ് ഉപയോഗിക്കുന്നതിന് മുൻപ് കുറ്റകൃത്യത്തിന്റെ ഗൗരവം, പ്രതിയുടെ മുൻകാല പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമസ്വഭാവം എന്നിവ വിലയിരുത്തണം. കൈവിലങ്ങ് അണിയിക്കാനുള്ള കാരണം സ്റ്റേഷനിലെ ജനറൽ ഡയറിയിലും രജിസ്റ്ററിലും വ്യക്തമായി രേഖപ്പെടുത്തുകയും ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം. പ്രതികളെ കൈവിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കാനോ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കാനോ പാടില്ല. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement