സീറോ മലബാര്‍ സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം: ഫ്രാന്‍സീസ് മാര്‍പാപ്പ.
വത്തിക്കാൻ സിറ്റി: സീറോ മലബാര്‍ സഭയുടെ ആരാധനക്രമ, ദൈവശാസ്ത്ര, ആധ്യാത്മിക, സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ സവിശേഷശ്രദ്ധ പതിപ്പിക്കണമെന്നു പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. അതുല്യവും അമൂല്യവുമായ ചരിത്രാനുഭവങ്ങള്‍ സ്വന്തമായുള്ള സീറോ മലബാര്‍ സഭയ്ക്കു ലഭിച്ചതും സഭ മുന്നോട്ടു കൊണ്ടുപോകുന്നതുമായ മഹത്തായ പൈതൃകത്തില്‍ സഭാംഗങ്ങളെ ഉറപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പ്രസ്താവിച്ചു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം വത്തിക്കാനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെയും മെത്രാന്മാരുടെ പ്രതിനിധി സംഘത്തെയും സ്വീകരിച്ചതിനു ശേഷം വൈദികരും സമര്‍പ്പിതരും അല്മായരുമടങ്ങുന്ന റോമിലുള്ള സീറോ മലബാര്‍ സഭാഗംങ്ങളെ വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്വയംഭരണാവകാശമുള്ള ഒരു വ്യക്തി സഭ എന്നുള്ള നിലയില്‍ സീറോ മലബാര്‍ സഭയെ ഈ പൈതൃക സംരക്ഷണത്തില്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ മാര്‍പാപ്പ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും സുവിശേഷാത്മക ധൈര്യത്തോടെയും മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെയും സിനഡിന്റെയും നേതൃത്വത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിച്ചു കൊണ്ടു നേരിടുവാനും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ഭാരതത്തിന്‍റെ അപ്പസ്തോലനായ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തില്‍ അടിത്തറയിട്ടു രൂപപ്പെട്ട സീറോ മലബാര്‍ സഭ അഭിമുഖീകരിക്കേണ്ടി വന്ന വിവിധ വെല്ലുവിളികളെ അനുസ്മരിച്ച മാര്‍പാപ്പ പത്രോസിന്‍റെ സിംഹാസനത്തോട് ഈ സഭ എക്കാലവും പുലര്‍ത്തിയ വിശ്വസ്തതയെ പ്രത്യേകം എടുത്തു പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യങ്ങളെ തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മാര്‍പാപ്പ ഈ പ്രശ്നപരിഹാരത്തിനായി നല്‍കിയ കത്തുകളെയും വീഡിയോ സന്ദേശത്തെയും കുറിച്ചു പരാമര്‍ശിച്ചു. സഭയില്‍ ഐക്യം നിലനിര്‍ത്തുകയെന്നുള്ളത് കേവലം ഒരു ഉപദേശമായി മാത്രം കണക്കാക്കാതെ, അതൊരു കടമയാണെന്നും അനുസരണം വാഗ്ദാനം ചെയ്ത വൈദികര്‍ക്ക് ആ കടമ നിറവേറ്റുന്നതില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. പരിശുദ്ധ കുര്‍ബാനയോടു കാണിക്കുന്ന ഗുരുതരമായ അനാദരവ് കത്തോലിക്കാ വിശ്വാസവുമായി ചേര്‍ന്നു പോകുന്നതല്ലായെന്നും മാര്‍പാപ്പ മുന്നറിയിപ്പു നല്കി. സഭയില്‍ ഐക്യം നിലനിര്‍ത്താനുള്ള ദൃഢനിശ്ചയത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കാനും പ്രാര്‍ത്ഥിക്കാനും ആഹ്വാനം നല്കിയ മാര്‍പാപ്പ പ്രതിസന്ധിഘട്ടങ്ങളില്‍ നഷ്ടധൈര്യരും നിസഹായരുമാകാതെ പ്രത്യാശയില്‍ മുന്നേറാന്‍ ആവശ്യപ്പെട്ടു. കുടുംബങ്ങളുടെ രൂപീകരണത്തിലും വിശ്വാസപരിശീലനത്തിലും സീറോ മലബാര്‍ സഭ പുലര്‍ത്തുന്ന പ്രതിബദ്ധതയ്ക്കു നന്ദി പറഞ്ഞ മാര്‍പാപ്പ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും യുവജനങ്ങളെയും ദൈവവിളി പ്രോത്സാഹനത്തെയും മുന്‍നിറുത്തിയുള്ള എല്ലാ അജപാലന പ്രവര്‍ത്തനങ്ങളെയും താന്‍ പിന്‍തുണയ്ക്കുന്നതായും അറിയിച്ചു.
0 Comments