ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ; 206 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി.
വയനാട്: ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ 30 കുട്ടികളടക്കം മരിച്ചിട്ടുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ 148 എണ്ണം ബന്ധുക്കൾക്ക് കൈമാറി. ഇനിയും 206 പേരെക്കൂടി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
10,042 പേരാണ് 93 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. തെരച്ചിൽ ഊര്‍ജ്ജിതമായി നടക്കുകയാണ്. ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മറ്റു ചില സുപ്രധാന തീരുമാനങ്ങൾ കൂടി മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവ്വമത പ്രാർത്ഥന നടത്തി സംസ്കരിക്കും. സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്തും. വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ പഠനത്തിന് ബദൽ സംവിധാനം ഒരുക്കും. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യാൻ ധനസെക്രട്ടറിയുടെ കീഴിൽ പ്രത്യേക ഉദ്യോഗസ്ഥ സംവിധാനം ഒരുക്കും. ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ നിധി ക്യുആർ കോഡ് മരവിപ്പിച്ചു. പകരം നമ്പർ സംവിധാനം ഏർപ്പെടുത്തി. എ. ഗീതയുടെ കീഴിൽ ഹെൽപ്പ് ഫോർ വയനാട് സെൽ രൂപീകരിച്ചു. letushelpwayand@gmail.com. ആണ് ഹെൽപ്പ് ഫോർ വയനാട് സെല്ലിൻ്റെ ഇമെയിൽ അഡ്രസ്. 9188940014, 9188940015 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.
0 Comments