ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്ഐടി വീണ്ടും ചോദ്യം ചെയ്തു. തിരു.: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്ഐടി. തിങ്കളാഴ്ച അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് ചോദ്യം ചെയ്യല്‍. 2025ല്‍ സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോയതിലായിരുന്നു ചോദ്യം ചെയ്തത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തു വച്ച് നടന്ന ചോദ്യം ചെയ്യല്‍ എട്ട് മണിക്കൂറോളം നീണ്ടു. 2019ലെ കേസുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 2025ലും സമാനമായ രീതിയില്‍ സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഒന്‍പത് പേര്‍ക്ക് കൈമാറ്റത്തില്‍ പങ്കുണ്ടെന്നും ചട്ടങ്ങള്‍ മറികടന്ന് 2025ല്‍ പാളികള്‍ ഉണ്ണികൃഷണന്‍ പോറ്റിക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഈ കേസില്‍ പി.എസ്. പ്രശാന്ത് അടക്കമുള്ള ആളുകളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ കേസിലാണ് ചില വ്യക്തതയ്ക്കായി വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. 2025 ആയപ്പോള്‍ സ്വര്‍ണ്ണത്തിന്റെ നിറം മങ്ങിയിട്ടും ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് തയ്യാറായില്ലെന്നും വാറന്റിയുണ്ടെന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയെന്നും എസ്ഐടി നല്‍കിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2025ല്‍ നടന്ന സ്വര്‍ണ്ണപ്പാളി കൈമാറ്റത്തില്‍ ഗൂഢാലോചനയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് എസ്ഐടി നീക്കം. അന്നത്തെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജി കുമാര്‍, സന്തോഷ് കുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍ എന്നിവര്‍ പ്രതികളാകും. ഇതില്‍ സന്തോഷ് കുമാര്‍ നിലവിലെ ഭരണസമിതിയിലും അംഗമാണ്. മരിച്ചതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് മുരാരി ബാബുവിനെ ഒഴിവാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതിപ്പട്ടിക വൈകാതെ കൊല്ലം വിജിലന്‍സ് കോടതിക്ക് നല്‍കാനും എസ്ഐടി തീരുമാനിച്ചു. ശബരിമല സ്വര്‍ണ്ണപ്പാളിക്കവര്‍ച്ച കേസില്‍ എസ്ഐടി സംഘം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പ് വീണ്ടും സന്നിധാനത്ത് പരിശോധന നടത്തിയിരുന്നു. പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് തൂക്കം പരിശോധിക്കുകയും ചെയ്തു. മിഥുനമാസ പൂജകള്‍ക്ക് ശബരിമല നട തുറന്നപ്പോളാണ് എസ്ഐടി സംഘമെത്തിയത്. തിരുവാഭരണ കമ്മീഷണർ സ്ഥലത്തെത്തിയതിനു പിന്നാലെയാണ് ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്തത്. ലീഗല്‍ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു പരിശോധന.
0 Comments