ശബരിമല സ്വർണ്ണക്കവർച്ച കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ.തിരു: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയില്‍. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം കസ്റ്റഡിയില്‍ എടുത്തത്.
ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.രാവിലെ വീട്ടിലെത്തിയ മൂന്നംഗ എസ്‌ഐടി സംഘമാണ് അന്വേഷണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എസ്. പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയതായാണ് വിവരം.
എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി.എസ്. പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്കാളിത്തം സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019ലെ സ്വർണ്ണാപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട ഭരണാനുമതികളും ഫയൽ നടപടികളും അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പി.എസ്. പ്രശാന്തിനും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നൽകിയിരുന്നു.
അതേസമയം, യാതൊരു ഗൂഢാലോചനയിലും താൻ പങ്കെടുത്തിട്ടില്ലെന്നാണ് പി.എസ്. പ്രശാന്തിന്റെ പ്രതികരണം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും സംസാരിച്ചതും. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചു വെക്കാൻ ശ്രമിച്ചിട്ടില്ലെന്നും നിയമപരമായി കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിന് മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, തന്റെ അറസ്റ്റിന് പിന്നിൽ രാഷ്‌ട്രീയ സമ്മർദ്ദമാണെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയതിൽ യാതൊരു ക്രമക്കേടോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും കേസിൽ പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകൾക്ക് പുറമെ, 2025ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ സ്വർണ്ണം പൂശാൻ കൊണ്ടു പോയതുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലാണ് പി.എസ്. പ്രശാന്തിനെ പ്രതി ചേർത്തിരിക്കുന്നത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
0 Comments