നിപയിൽ സമ്പൂർണ്ണ ആശ്വാസം; കോഴിക്കോട് നിപ നിരീക്ഷണം പിൻവലിച്ചു.
കോഴിക്കോട്: നിപ ഭീതി പൂർണ്ണമായും ഒഴിഞ്ഞതോടെ സമ്പൂർണ്ണ ആശ്വാസം.
കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11ന് നിപ റിപ്പോർട്ട് ചെയ്തിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്.
കൺടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാനായി. ഒന്നിലധികം പേരിലേക്ക് രോഗം പടരാതിരിക്കാൻ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്ന് മാറ്റി. മൂന്ന് നിപ പരിശോധന ഫലവും നെഗറ്റീവായി. റിബാവെറിൻ മരുന്ന് ആദ്യം മുതലേ നൽകുന്നുണ്ട്. മോണോക്‌ളോണൽ ആന്റിബോഡി ആദ്യഡോസ് ജൂൺ 12ന് നൽകുകയും ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻഐവിയിലും നടത്തിയ പരിശോധന ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്ന് ജൂൺ 11നാണ് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രദേശത്തും രോഗി സന്ദർശിച്ചിരുന്ന ആശുപതികൾ തൊഴിലിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയത്. രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലാതലത്തിൽ കൺട്രോൾ റൂം ആരംഭിക്കുകയും രോഗബാധിതന്റെ സമ്പർക്ക പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 104 പേരായിരുന്നു സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നത്. എല്ലാവരും കൃത്യമായ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജൂൺ 14ന് മന്ത്രി കെ. മുരളീധരൻ നേരിട്ട് ജില്ലയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ജൂൺ 13ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനിൽകുമാർ ഉന്നതല യോഗം വിളിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതു മുതൽ എല്ലാ ദിവസവും വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള അവലോകന യോഗങ്ങൾ നടത്തുകയും അതാത് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.
0 Comments