കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്: സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി. കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി. 28 പ്രതികള്‍ക്കെതിരെയും വിചാരണ നടത്താമെന്നും കോടതി ഉത്തരവിട്ടു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിക്കുകയായിരുന്നു കോടതി.
ഭാരതീയ ന്യായ സംഹിതയുടെ പുതിയ നിയമവ്യവസ്ഥ അനുസരിച്ച് ഇത്തരം കേസുകളില്‍ വിചാരണ തുടങ്ങുന്നതിന് മുമ്പ് നോട്ടീസ് നല്‍കി പ്രതികള്‍ക്കെതിരെ കുറ്റം നിലനില്‍ക്കുമോ എന്ന വാദം നടത്തേണ്ടതുണ്ട്. അതിനു ശേഷമാണ് പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തണോ എന്ന് തീരുമാനിക്കുന്നത്. ഇതനുസരിച്ചാണ് ഇന്ന് നടപടിക്രമങ്ങള്‍ നടന്നത്. ബിഎൻഎസിലെ 223 സെക്ഷൻ സബ്ക്ലാസ് ഒന്ന് പ്രകാരം പ്രതികളുടെ ഭാഗം കോടതി വിശദമായി കേട്ടു. 28 പ്രതികള്‍ക്കെതിരായാണ് ഇഡി അനുബന്ധ കുറ്റപത്രം കൊച്ചിയിലെ പിഎംഎല്‍എ കോടതിയില്‍ സമർപ്പിച്ചത്. പുതുതായി പ്രതിചേർക്കപ്പെട്ട എല്ലാവർക്കുമെതിരെ വിചാരണ തുടങ്ങാം. അതിന് തെളിവുണ്ടെന്നും കോടതി വിലയിരുത്തി. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന എ.സി. മൊയ്‌തീൻ എംഎല്‍എ, കെ. രാധാകൃഷ്‌ണൻ എംപി, എം.എം. വർഗീസ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് 28 പ്രതികള്‍.
2012, 2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകള്‍ക്ക് തുടക്കമിട്ടതെന്നാണ് ഇഡിയുടെ വാദം. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേല്‍ ഒന്നിലധികം വായ്‌പ അനുവദിക്കുക എന്നിവയ്‌ക്കെല്ലാം പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വം നല്‍കിയെന്നും ഇഡി കണ്ടെത്തി. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമ്മിച്ചതുമെല്ലാം ഈ ക്രമക്കേടിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണെന്നും ഇഡിയുടെ കണ്ടെത്തലിലുണ്ട്.
നേരത്തേ ഭരണസമിതിയിലെ 53 പേർക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിചാരണ തുടങ്ങിയിട്ടുമുണ്ട്. തുടർന്നാണ് നേതാക്കളെ പ്രതിചേർത്ത് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതിലും പിഎംഎൽഎ കോടതി ഇഡിക്ക് അനുകൂലമായി ഉത്തരവിട്ടിരിക്കുകയാണ്.
0 Comments