കണയങ്കവയലിൽ മാലിന്യ നിക്ഷേപം; പരിസ്ഥിതി ദുരന്തഭീഷണിയെന്ന് നാട്ടുകാർ. ഇടുക്കി: കണയങ്കവയൽ കൊയിനാട് വനമേഖലയോട് ചേർന്നുള്ള സ്വകാര്യ സ്ഥലത്ത് അനധികൃതമായി വിവിധ ജില്ലകളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ ആരോപിക്കുന്നു. കോട്ടയം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ രാത്രികാലങ്ങളിൽ എത്തിച്ച് നിക്ഷേപിക്കുന്നതെന്നാണ് പ്രദേശ വാസികളുടെ പരാതി.
നാട്ടുകാർ പറയുന്നതനുസരിച്ച്, വനത്തോട് ചേർന്നുള്ള ഈ സ്ഥലം ആദ്യം പന്നി ഫാം നടത്തുന്നതിനായി പാട്ടത്തിന് നൽകിയതായിരുന്നു. എന്നാൽ, ഫാം പ്രവർത്തിപ്പിക്കുന്നതിന് പകരം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയത്രേ. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ അടിയന്തര അന്വേഷണം നടത്തി യാഥാർത്ഥ്യം പുറത്തു കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തു നിന്ന് ഏകദേശം 200 മീറ്റർ അകലെയായി ഒരു തോട് ഒഴുകുന്നുണ്ട്. മഴക്കാലത്ത് മാലിന്യക്കുഴികളിൽ നിന്നുള്ള മലിനജലം ഈ തോട്ടിലേക്കും തുടർന്ന് അഴുത നദിയിലേക്കും അവിടെ നിന്ന് പുണ്യനദിയായ പമ്പയിലേക്കും ഒടുവിൽ കുട്ടനാട് മേഖലയിലേക്കും എത്താൻ സാധ്യത ഉണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇത് ജലസ്രോതസ്സുകൾക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമെ, വന്യമൃഗശല്യം നേരത്തെ തന്നെ രൂക്ഷമായ പ്രദേശമായതിനാൽ, മാലിന്യ നിക്ഷേപം മൂലം കാട്ടുമൃഗങ്ങൾ കൂടുതൽ ആകർഷിക്കപ്പെടുകയും ജനങ്ങളുടെ ജീവനും സ്വത്തിനും അധിക ഭീഷണിയുണ്ടാകുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി 12 മണിക്ക് ശേഷമാണ് കൂടുതലായും മാലിന്യ വാഹനങ്ങൾ എത്തുന്നതെന്നും അവർ ആരോപിക്കുന്നു. പഞ്ചായത്ത് അധികൃതരും പോലീസ് അധികാരികളും സ്ഥലം സന്ദർശിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഭരണകൂടം, വനം വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി അന്വേഷണം നടത്തി, നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
0 Comments